അച്ചടിയുടെ പേറ്റുനോവുകള്‍
ഇന്ത്യയുടെ അച്ചടി നഗരമാണ് ശിവകാശി. തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ വ്യാവസായിക നഗരം. വിരുതനഗറിന്റെ വെളിമ്പ്രദേശത്തിലൂടെ നീങ്ങവെ പാതയോരത്ത് പരന്നുകിടക്കുന്ന കീറച്ചാക്കും പിന്നിയ സാരികളും കോര്‍ത്തു കെട്ടിയുണ്ടാക്കിയ നൂറുകണക്കിനു ടെന്റുകളും കണ്ടു. തൊട്ടില്‍ കെട്ടാനൊരു വൃക്ഷശിഖരം പോലും സ്വന്തമായില്ലാത്ത അമ്മമാര്‍ കൈകളില്‍ പിഞ്ചു പൈതങ്ങളെ മലര്‍ത്തിക്കിടത്തി സ്വയമൊരു തൊട്ടിലാകുന്നു. പാതിമുറിഞ്ഞ കളിപ്പാട്ടങ്ങള്‍ കൈയിലേന്തിയ നഷ്ടബാല്യങ്ങള്‍ തുറിച്ചുനോക്കുന്നു.
ജനസംഖ്യാ കണക്കു പുസ്തകങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടാത്ത ആധാര്‍ നമ്പറും റേഷന്‍ കാര്‍ഡും ജനിച്ചതിന്റെ അടയാളങ്ങളാണെന്നു പോലുമറിയാത്തവര്‍. നോട്ടു നിരോധനത്തിന്റെ ആകുലതകളില്‍പ്പെട്ട്് ഉഴറി നടക്കുന്നവര്‍ക്കിടയില്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ നാണയത്തുട്ടുകള്‍ തേടിയിറങ്ങിയവന്റെ കണ്ണീര്‍പാടിട്ട മുഖങ്ങള്‍.
ചരിത്രനഗരമായ മധുരയില്‍ നിന്നു 43 മൈലകലെ മാറി സ്ഥിതിചെയ്യുന്ന ശിവകാശി മൂന്നു വ്യാവസായിക മേഖലകള്‍ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമാണ്. അതിലേറ്റവും പഴക്കമേറിയത് അച്ചടിയാണ്.
ലോകം അംഗീകരിച്ച ഈ അച്ചടി നഗരത്തില്‍ നിന്നാണു രാജ്യത്തെ ആറുപതു ശതമാനം പ്രിന്റിങ് ജോലികളും ഇന്നും നിര്‍വഹിച്ചു പോരുന്നത്. നീണ്ടുകിടക്കുന്ന നഗരത്തിന്റെ അഷ്ടദിക്കിലും അച്ചടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറുകണക്കിനു കേന്ദ്രങ്ങളുണ്ട്. 600ഓളം അംഗീകൃത അച്ചടികേന്ദ്രങ്ങളും ആയിരക്കണക്കിന് അനുബന്ധ യൂനിറ്റുകളുമുണ്ടിവിടെ.
അറുപതിനായിരത്തോളം മനുഷ്യര്‍ അച്ചടിമേഖലയില്‍ ജോലി ചെയ്യുന്ന ഈ നഗരത്തില്‍ നിന്നാണ് ഇന്ത്യയുടെ നാനാഭാഗത്തേക്കും സ്‌കൂള്‍ പാഠപുസ്തകങ്ങളും കലണ്ടറുകളും കയറ്റി അയക്കുന്നത്. ബാങ്ക് ചെക്ക് ബുക്കും വിമാന ടിക്കറ്റും ലോട്ടറി ടിക്കറ്റും ശിവകാശിയുടെ അച്ചടി മഹിമ പരത്തി അതിര്‍ത്തി കടക്കുന്നു. നാള്‍ക്കുനാള്‍ നവീകരിക്കപ്പെടുന്നു എന്നതാണ് അച്ചടിമേഖലയുടെ പ്രസക്തി. വൈവിധ്യമാര്‍ന്ന പ്രിന്റിങ് വര്‍ക്കുകളുടെ കലവറയെന്ന് ഈ ചെറുനഗരത്തെ വിളിക്കാം. ലാമിനേഷന്‍ നെര്‍ലിങ്, യു.വി കോട്ടിങ്, എമ്പോസിങ്, ഫോയിലിങ് തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം കാഴ്ചയില്‍ അതിപുരോഗമനപരമെന്നു വിശേഷിപ്പിക്കാന്‍ കഴിയാത്ത ഈ നഗരത്തില്‍ ലഭ്യമാണ്.
ചാട്ടവാര്‍ പ്രഹരമേറ്റ് പുളഞ്ഞുപായുന്ന കാളവണ്ടികളില്‍ കൂമ്പാരമിട്ടു കിടക്കുന്ന പേപ്പര്‍കെട്ടുകള്‍ ഈ നഗരത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും പറഞ്ഞുതരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണു ശിവകാശി പ്രിന്റിങ് ടെക്‌നോളജിയുടെ സാധ്യതകളിലേക്കിറങ്ങുന്നത്. ഒരു ചെറു ഗ്രാമത്തിന്റെ മണ്ണും മനസും മാറ്റിയെടുക്കാന്‍ നാടാര്‍ സമുദായം വഹിച്ച പങ്ക് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തമിഴ്, മലയാള സാഹിത്യവും പണ്ടുകാലം മുതലേ അച്ചടി മഷി പുരണ്ട് അനുവാചകരെത്തേടിയെത്തിയത് ശിവകാശിയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നാണ്.
മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യ മാസികകളും വാരികകളും ഇവിടുത്തെ അച്ചടിശാലകളില്‍ നിന്നാണ് പുറത്തിറങ്ങിയതെന്നു മാത്രമല്ല, ഇന്നും ഈ നഗരത്തെ ആശ്രയിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബഹുവര്‍ണ സിനിമാ പോസ്റ്ററുകളും സി.ഡി ലേബലുകളും പുസ്തകങ്ങളുടെ പുറംചട്ടകളും ലോഡ് നിറച്ച ലോറികള്‍ രാജ്യത്തിന്റെ, നാനാദിക്കുകള്‍ തേടി പായാന്‍ തയാറായി നില്‍പ്പുണ്ട് പ്രാന്തപ്രദേശങ്ങളില്‍.
വെയിലേറ്റു കരുവാളിച്ച തെരുവിലെ അച്ചടിശാലകളിലൂടെ, ഭീതി ഗര്‍ഭം ധരിച്ച പടക്കനിര്‍മാണ ശാലകളിലൂടെ കൗതുകത്തോടെ ചുറ്റിത്തിരിഞ്ഞു. വിശ്വാസത്തിനു മുകളില്‍ ഇടപാടു നടത്തിയ മലയാളികളാല്‍ കബളിപ്പിക്കപ്പെട്ട ഒരു പ്രസ്സുടമ കേരളത്തിലെ ബാങ്കുകളില്‍ നിന്നു കളക്ഷനാവാതെ മടങ്ങിയ ഒരു കെട്ട് ചെക്ക് മുന്‍പിലേക്ക് നീട്ടി അച്ചടിരംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരിതപിച്ചു.
ശിവകാശിക്കാര്‍ക്ക് കൊയ്ത്തുകാലമാണ് തെരഞ്ഞെടുപ്പ് കാലം. അച്ചടിയും അതു കഴിഞ്ഞാല്‍ വിജയാഹ്ലാദത്തിന്റെ പടക്കവും. ഇവിടെ നിന്നു വണ്ടി കയറും. ജനസംഖ്യയുടെ 45 ശതമാനവും ജോലി ചെയ്യുന്നത് ഇതിലേതെങ്കിലുമൊരു മേഖലയിലാണ്. കേരളവും തമിഴ്‌നാടും പൂര്‍ണമായും തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ സാമഗ്രികള്‍ക്ക് ഈ പട്ടണത്തെ തന്നെയാണ് ആശ്രയിക്കുന്നത്. നഗരത്തിലെ ഓരോ വീടുകളും കര്‍മനിരതമാകും അക്കാലത്ത്. അത്രകണ്ട് തിരക്കു കൂടും ഓരോ മുക്കിലും മൂലയിലും.
പൂമാലയിട്ടലങ്കരിച്ച ശവവണ്ടികള്‍ വരിക്കനെ നിര്‍ത്തിയിട്ടിരിക്കുന്നതും മറ്റൊരു കാഴ്ച. ഇവിടുത്തെ ശവമടക്ക് ഘോഷയാത്രകള്‍ കാണേണ്ടതാണ്. പുഷ്പാലങ്കൃതമായ വാഹനത്തിലെ സുന്ദരമായ ഇരിപ്പിടത്തില്‍ പുത്തനുടുപ്പുകളും കണ്ണടയുമെല്ലാം അണിയിച്ച് മൃതദേഹത്തെ ഇരുത്തി പിറകിലൊരു ഘോഷയാത്രയാണ്. ഡാന്‍സും പാട്ടും പടക്കം പൊട്ടിക്കലുമൊക്കെയായി ഒരു വിലാപയാത്ര.
ആദ്യമായി ഇത്തരമൊരു ചടങ്ങിനു സാക്ഷിയായി. ചരിത്രവും ഐതിഹ്യവും കൂടിച്ചേര്‍ന്നതാണു ശിവകാശിയുടെ ഭൂതകാലം. മധുര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാണ്ഡ്യ രാജവംശത്തിലെ ഹരികേസരി 15-ാം നൂറ്റാണ്ടിലാണ് ഈ നഗരം സ്ഥാപിച്ചത്.
ഹിന്ദുപുരാണ പ്രകാരം ശിവകാശിക്കൊരു കഥയുണ്ട്. തെങ്കാശിയിലൊരു ശിവക്ഷേത്രം പണിയാന്‍ തീരുമാനിച്ച രാജാവ് കാശിയില്‍ പോയി ശിവലിംഗ പ്രതിഷ്ഠയുമായി തിരിച്ചുവരുമ്പോള്‍ രാജാവും ശിവലിംഗമേന്തിയ വിശുദ്ധ പശുവും വഴിയിലെ വില്‍മരത്തണലില്‍ വിശ്രമിച്ചുവത്രെ. വിശ്രമം കഴിഞ്ഞു രാജാവ് തെങ്കാശിയിലേക്ക് തിരിച്ചു പോകാനെഴുന്നേറ്റെങ്കിലും പശു അനങ്ങിയില്ല. തുടര്‍ന്നു കൊണ്ടുവന്ന ശിവലിംഗ പ്രതിഷ്ഠ അതേ സ്ഥലത്തു സ്ഥാപിച്ചുവെന്നും കാശിയില്‍ നിന്നുള്ള ശിവപ്രതിഷ്ഠ സ്ഥാപിച്ച സ്ഥലത്തിനു ശിവകാശി എന്ന പേരു വരികയും ചെയ്തുവത്രെ.
ദ്രാവിഡ വാസ്തുശില്‍പത്തിന്റെ ചാതുര്യം വിളിച്ചറിയിക്കുന്ന ഭദ്രകാളീ ക്ഷേത്രം ശിവകാശിയുടെ തലയെടുപ്പാണ്. 66 അടി ഉയരവും 44 അടി വീതിയുമുള്ള രാജഗോപുരമാണ് ക്ഷേത്രത്തിന്റെ ആകര്‍ഷണീയത. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പങ്കുനിപൊങ്കലും ചിത്തിരപൊങ്കലും ജനസാഗരം വന്നണയുന്ന വാര്‍ഷിക ഉത്സവങ്ങളാണിവിടെ.
വിവിധ രാജവംശങ്ങള്‍ മാറി മാറി ഭരണം നടത്തിയ മധുര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ശിവകാശി അവസാനം ബ്രിട്ടിഷുകാരുടെ അധീനതയിലുമായി. 1899ല്‍ 22 പേര്‍ കൊല്ലപ്പെട്ട ജാതീയ കലാപം ശിവകാശിയുടെ ചരിത്രത്തില്‍ ഒരു കറുത്ത പൊട്ടായി വായിക്കപ്പെടുന്നു.
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന നഗരമാണിന്ന് ശിവകാശി. ഒരു ചെറിയ തീപ്പൊരി മതി ഈ നഗരം വെണ്ണീറാവാന്‍. അത്രത്തോളം പടക്കനിര്‍മാണ ശാലകളാണ് ഒരു നാടൊന്നാകെ ചിതറിക്കിടക്കുന്നത്. ഇന്ത്യയുടെ പടക്കനിര്‍മാണ ശാലയെന്നാണ് ഇന്നിവിടം അറിയപ്പെടുന്നത്. രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന പടക്കങ്ങളുടെ 90 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നതു ശിവകാശിയില്‍ നിന്നാണ്.
ചെറുതും വലുതുമായ 400ഓളം നിര്‍മാണ കേന്ദ്രങ്ങളിലായി മുപ്പതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തെരുവില്‍ നിന്ന് അധികം അകലെയല്ലാത്ത വീട്ടുവരാന്തകളില്‍ കൂട്ടിയിട്ടിരിക്കുന്ന പടക്കങ്ങള്‍ക്കിടയിലൂടെ ഓടിമറയുന്ന കുട്ടികളെയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കുടില്‍ വ്യവസായം കണക്കെ പടക്കം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും അധികനേരം കണ്ടു നിന്നില്ല.
സാത്തൂരിലെ കൃഷിഭൂമിയും ഡാമും തേടിയുള്ള യാത്രയില്‍ കൂറ്റന്‍ പടക്കനിര്‍മാണ ശാലകള്‍ റോഡിലേക്ക് ഏന്തിവലിഞ്ഞ് നോക്കുന്ന പോലെ തോന്നും. ശിവകാശിയുടെ വരണ്ട കാലാവസ്ഥയാണത്രെ ഇത്രയേറെ ഭയം പതിയിരിക്കുന്ന പടക്ക ഫാക്ടറികള്‍ കൂണ്‍കണക്കെ മുളച്ചു നില്‍ക്കാന്‍ കാരണം.
അപകടം തക്കംപാര്‍ത്തിരിക്കുന്ന നഗരത്തില്‍ പൊട്ടിത്തെറികളൊരുപാട് നടന്നിട്ടുണ്ട്. ഒരു ജനതയുടെ മനോധൈര്യത്തിനുമേല്‍ ഭാഗ്യം കൂടിച്ചേര്‍ന്ന പ്രയാണമാണ് പലപ്പോഴും രക്ഷാകവചം തീര്‍ക്കാറുള്ളത്. പേരുകേട്ട പടക്കനിര്‍മാണ ശാലകളില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിനു വേണ്ട ആയുധപരിശീലന സാമഗ്രികളും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പാതിയുറങ്ങിയ നഗരത്തിലപ്പോഴും യന്ത്രങ്ങളുടെ മുരള്‍ച്ചയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."