ചിന്നമ്മ ശശികല മുഖ്യമന്ത്രി പദത്തിലേക്ക്; അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ശശികല നടരാജന്‍ എത്തുമെന്ന കാര്യം ഉറപ്പാക്കി അണ്ണാഡിഎംകെ എംഎല്‍എമാരുടെ യോഗം ചെന്നൈയില്‍. ശശികലയുടെ സ്ഥാനാരോഹണത്തിനായി മുഖ്യമന്ത്രി പനീര്‍സെല്‍വം ഇന്ന് രാജി സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. ഈ മാസം ഏഴിനോ ഒന്‍പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
അണ്ണാഡിഎംകെ പരമാധികാരിയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത തോഴി ചിന്നമ്മ മുഖ്യമന്ത്രി സ്ഥാനത്തിനായും നീക്കം നടത്തുകയായിരുന്നു. അണ്ണാഡിഎംകെ കീഴ്‌വഴക്കം അനുസരിച്ച് പാര്‍ട്ടി സെക്രട്ടറി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനവും വഹിക്കാറുള്ളത്.
മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തയും ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശശികല മുഖ്യമന്ത്രിയാകുന്നതിനുള്ള മുന്നൊരുക്കമാണെന്നാണ് ഷീലയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അവര്‍ 2014ല്‍ ആണ് സര്‍ക്കാറിന്റെ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. അസുഖം ബാധിച്ച് ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ സംസ്ഥാന ഭരണം കാര്യക്ഷമമായി നിര്‍വഹിച്ചതില്‍ ഷീലയുടെ പങ്കു വലുതാണ്.
ശശികല മുഖ്യമന്ത്രിയാകണമെന്ന് എ.ഐ.എ.ഡി.എം.കെ എം.പിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ ആവശ്യപ്പെട്ടിരുന്നു. ശശികല എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ജനങ്ങളില്‍നിന്നു പൂര്‍ണ പിന്തുണ കിട്ടാന്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ പ്രബല വിഭാഗം ശശികല മുഖ്യമന്ത്രിയാകുന്നതിനു അനുകൂലമാണ്.
ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരുന്നു. അമ്മക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണ് ജീവിതം, ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ശശികല പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."