ദേശീയത ചോദ്യംചെയ്യപ്പെടുന്ന ആശയം: കാനം രാജേന്ദ്രന്‍
കോഴിക്കോട്: മനുഷ്യദുരിതങ്ങള്‍ ദേശീയതയുടെ പേരില്‍ ന്യായീകരിക്കപ്പെടുമ്പോള്‍ ദേശീയത ചോദ്യംചെയ്യപ്പെടുന്ന ആശയമാകുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ സാഹിത്യോത്സവത്തില്‍ ദേശീയതയുടെ നിര്‍വചനങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് മുക്ത ഭാരതത്തോടും മറു വിഭാഗം ഉയര്‍ത്തുന്ന സംഘ് വിരുദ്ധ ആശയത്തോടും താന്‍ വിയോജിക്കുന്നു. സംഘ്പരിവാറും കോണ്‍ഗ്രസും ഇടതുപക്ഷവും മാവോയിസ്റ്റും കൂടിച്ചേര്‍ന്ന മഴവില്‍ ജനാധിപത്യത്തെ കുറിച്ചാണ് താന്‍ സങ്കല്‍പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയത ജനങ്ങളുടെ ഐക്യമാണ്. ദേശ നിര്‍മിതിയും ദേശീയതയും ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ദേശീയതയ്ക്ക് പുതിയ നിര്‍വചനം നല്‍കാന്‍ സാധിക്കാത്തതാണ് രാജ്യ പുരോഗതിക്ക് തടസമായത്. എന്നാല്‍ ഇതിന്റെ തിക്തഫലം ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുകയാണെന്നും കാനം പറഞ്ഞു.
ദേശീയ ഗാനവും ദേശീയ പതാകയും ദേശീയതയുടെ പൊരുളല്ല പ്രതീകങ്ങളാണെന്ന് കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. ദേശീയത ഏകശിലാരൂപമല്ലെന്നും ഭരണഘടനയിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത ദേശീയത ഇന്ത്യന്‍ ദേശീയതയല്ലെന്ന് സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ദേശീയതയുടെ നിലനില്‍പ്പിന് ഒരു ശത്രുവിനെ ആവശ്യമാണ്. സ്വാതന്ത്ര്യ പൂര്‍വകാലഘട്ടത്തില്‍ അത് ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കില്‍ ഇന്ന് വളര്‍ന്നുവന്ന ഹിന്ദുമത ബോധത്തിലധിഷ്ടിതമായ ദേശീയതയുടെ ശത്രുക്കള്‍ ദലിതരും മുസ്‌ലിങ്ങളുമാണെന്നു സിവിക് ചന്ദ്രനും അഭിപ്രായപ്പെട്ടു.
എ.കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."