ഡ്രൈവറും കണ്ടക്ടറുമില്ല; പിന്നെ ലോഫ്‌ളോര്‍ ജന്റം എങ്ങനെ ഓടും?
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറു ലോഫ്‌ളോര്‍ ജന്റം ബസുകളില്‍ സര്‍വിസ് നടത്തുന്നതു രണ്ടെണ്ണം മാത്രം. ഷെഡ്യൂള്‍ ലഭിക്കാത്തതിനാല്‍ മൂന്നു ലോഫ്‌ളോര്‍ ജന്റം ബസുകളും ജീവനക്കാരില്ലാത്തതിനാല്‍ ഒരു ലോഫ്‌ളോറും മാസങ്ങളായി ഡിപ്പോയില്‍ വിശ്രമിക്കുകയാണ്.
നിലവില്‍ മുണ്ടേരി-തേള്‍പ്പാറ ഭാഗത്തേക്ക് ഓരോ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. കെ.യു.ആര്‍.ടി.സിയുടെ കീഴില്‍വരുന്ന ലോഫ്‌ളോര്‍ ബസുകളുടെ വരുമാനം കെ.എസ്.ആര്‍.ടി.സിക്കു ലഭിക്കുന്നില്ല. ഇതിനാല്‍ ലോഫ്‌ളോര്‍ ബസുകളുടെ സര്‍വിസില്‍ ഡിപ്പോ അധികൃതരും അലംഭാവം കാണിക്കുകയാണ്. 56 കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉണ്ടായിരുന്ന ഡിപ്പോയ്ക്കു കീഴില്‍ നിലവില്‍ 40 സര്‍വിസുകള്‍ മാത്രമാണുള്ളത്.
ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ 20ലേറ ഒഴിവുകളാണ് നിലമ്പൂര്‍ ഡിപ്പോയില്‍ മാത്രമുള്ളത്. നഗരങ്ങളില്‍ മാത്രം ഓടിയിരുന്ന ലോഫ്‌ളോര്‍ ബസുകളെ യാത്രക്കാര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചെങ്കിലും ഷെഡ്യൂള്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ ഡിപ്പോയില്‍ സര്‍വിസ് നടത്താതെ ഇട്ടിരിക്കുന്നതിനാല്‍ പ്രയോജനം മലയോരവാസികള്‍ക്ക് ലഭിക്കുന്നില്ല. 2012 നവംബര്‍ പത്തിനാണ് നിലമ്പൂര്‍ ഡിപ്പോയില്‍നിന്ന് ആദ്യമായി എറണാകുളത്തേക്ക് എ.സി ലോഫ്‌ളോര്‍ ബസ് സര്‍വിസ് ആരംഭിച്ചത്. പിന്നീട് ഏതാനും മാസങ്ങള്‍ക്കു ശേഷം ഇതു നിലച്ചു.
2016 മധ്യത്തിലാണ് ആറു നോണ്‍ എസി ലോഫ്‌ളോര്‍ ജന്റം ബസുകള്‍ നിലമ്പൂര്‍ ഡിപ്പോയ്ക്ക് അനുവദിച്ചത്. ഇതില്‍ നാലെണ്ണമാണ് സര്‍വിസ് നടത്താതെ വിശ്രമത്തിലുള്ളത്. 45 ലക്ഷം രൂപയോളം മുടക്കിയാണ് ഇത്തരത്തില്‍ ഓരോ ബസും നിരത്തിലിറക്കുന്നത്.
ഇതാണ് അധികൃതരുടെ അനാസ്ഥമൂലം ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാതെ ഡിപ്പോയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. സര്‍വിസ് ആരംഭിച്ചില്ലെങ്കില്‍ കാലതാമസം കൂടാതെ ഈ ബസുകള്‍ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള സാധ്യതയും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."