വളാഞ്ചേരിയില്‍ കഞ്ചാവ് ലേഹ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്തുനിന്നു കുറ്റിപ്പുറം എക്‌സൈസ് കഞ്ചാവ് ലേഹ്യം പിടികൂടി. വിദ്യാര്‍ഥികളും യുവാക്കളും സ്‌കൂള്‍ ഉച്ചഭക്ഷണ സമയത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ലേഹ്യം കഴിക്കുന്നതായി എക്‌സൈസ് സംഘം സ്‌കൂള്‍ പരിസരങ്ങള്‍ നിരീക്ഷിച്ചതില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്‌സൈസ് സംഘം നടത്തിയ നീക്കത്തിലാണ് കഞ്ചാവ് ലേഹ്യവുമായെത്തിയ പൊന്നാനി സ്വദേശി പഴയ കത്ത് വീട്ടില്‍ സയ്യിദ് ഷമീറുല്‍ അമീന്‍ തങ്ങള്‍ (33) എന്നയാളെ പിടികൂടിയത്.
സ്ഥിരമായി വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ കഞ്ചാവ് ലേഹ്യം വിതരണം ചെയ്യാറുണ്ട്. കഞ്ചാവ് ഉണക്കി പൊടിച്ചാണ് ലേഹ്യത്തില്‍ ചേര്‍ക്കുന്നതെന്ന് പ്രതി പറഞ്ഞു. പ്രത്യക്ഷത്തില്‍ ലേഹ്യത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ലെങ്കിലും എക്‌സൈസ് സംഘത്തിന്റെ പക്കലുള്ള നാര്‍കോട്ടിക് ഡിറ്റക്ഷന്‍ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലേഹ്യത്തില്‍ കൂടിയ അളവില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു.
ആവശ്യക്കാര്‍ക്ക് ചെറു കുപ്പികളിലായാണ് ലേഹ്യം വിതരണം ചെയ്യുന്നത്. 400ഗ്രാം ലേഹ്യം ഇയാളില്‍നിന്നു പിടികൂടി. പ്രതിക്ക് ലേഹ്യത്തില്‍ ചേര്‍ക്കുന്നതിനുള്ള കഞ്ചാവ് വിതരണം ചെയ്യുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കഞ്ചാവ് വിതരണക്കാരെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ ബിനുകുമാര്‍ പറഞ്ഞു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ സുനില്‍, രാജേഷ്, ജാഫര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ലതീഷ്, ഹംസ, ശിഹാബ്, എക്‌സൈസ് ഡ്രൈവര്‍ ഗണേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."