മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കരുതെന്ന് മന്ത്രി ജലീല്‍
ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നു മന്ത്രി കെ.ടി ജലീല്‍.
വിദേശകാര്യ മന്ത്രാലയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന പ്രവാസി വകുപ്പു മന്ത്രിമാരുടെ ഒന്‍പതാമത് വാര്‍ഷികയോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യക്കാര്‍ വിദേശത്ത് എത്തിയാലുടന്‍ അയാളുടെ പേരും വിലാസവും അവിടത്തെ ഇന്ത്യന്‍ എംബസിയില്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം. കൂടാതെ, സ്‌പോണ്‍സറെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാക്കുകയും ബന്ധപ്പെട്ടവര്‍ക്ക് അയാളുടെ വിശദ വിവരങ്ങള്‍ നല്‍കുകയും വേണമെന്നും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ജലീല്‍ അറിയിച്ചു.
എംബസി മുഖേന വളരെ കൃത്യമായ നിയമസഹായം ഉറപ്പാക്കണം. ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഹാന്‍ഡ്ബുക്ക് പ്രവാസികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും ജലീല്‍ മുന്നോട്ടുവച്ചു. എംബസികളില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന പരാതി പരിഹരിക്കണം. എംബസിയിലെ ടെലഫോണ്‍ എപ്പോഴും തിരക്കായതിനാല്‍ പലര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."