അദാലത്ത്: പ്രവാസി കമ്മിഷന്‍ മുന്‍പാകെയെത്തിയത് 22 പരാതികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു നടന്ന പ്രവാസി കമ്മിഷന്‍ അദാലത്തില്‍ കമ്മിഷന്‍ മുന്‍പാകെയെത്തിയത് 22 പരാതികള്‍. ഇതില്‍ 18 പരാതികള്‍ നടപടികള്‍ക്കായി വിവിധ ഏജന്‍സികള്‍ക്ക് കൈമാറി.
ലഹരിപദാര്‍ഥങ്ങളടങ്ങിയ പാക്കറ്റ് അറിയാതെ കൈവശംവച്ചതിന് ബഹ്‌റൈനില്‍ ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ മാതാവ്, സലാലയിലെ സ്‌കൂള്‍ അധ്യാപിക എന്നിവര്‍ നീതിതേടി കമ്മിഷന്‍ മുന്‍പാകെയെത്തി. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അനധികൃതമായി പിടിച്ചുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപിക കമ്മിഷന്‍ മുന്‍പാകെയെത്തിയത്.
പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിനുള്ള പ്രായപരിധി 60ല്‍നിന്ന് ഉയര്‍ത്തണമെന്ന് അദാലത്തിന് മുന്നോടിയായി ചേര്‍ന്ന കമ്മിഷന്‍ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. കമ്മിഷന്റെ ആവശ്യപ്രകാരം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ നാട്ടിലേക്കുപോകാന്‍ സൗകര്യം ഒരുക്കിയ സിയാല്‍ അധികൃതരെ യോഗം അഭിനന്ദിച്ചു. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. ഭാവദാസന്‍, അംഗങ്ങളായ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍, സാമൂഹ്യപ്രവര്‍ത്തകരായ സുബീര്‍ പുഴയരുവത്ത്, ആസാദ് തിരൂര്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, മെംബര്‍ സെക്രട്ടറി എച്ച്. നിസാര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. പ്രവാസിസമൂഹത്തിന് കൈത്താങ്ങാകാന്‍ കഴിയുന്ന അര്‍ധ ജുഡിഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് പ്രവാസി കമ്മിഷനെന്ന് ജസ്റ്റിസ് പി. ഭാവദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 18ന് തിരൂരിലാണ് അടുത്ത അദാലത്ത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി 19ന് കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകള്‍ക്കായി 20ന് കോഴിക്കോട്ടും അദാലത്തുകള്‍ സംഘടിപ്പിക്കും. ഏറ്റവും ഒടുവിലായി അദാലത്ത് നടത്തിയ ചാവക്കാട് 70 പരാതികളാണ് ലഭിച്ചത്. ഇതില്‍ 35 എണ്ണത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞു. ബഹ്‌റൈനില്‍നിന്ന് കമ്മിഷന്‍ മുന്‍പാകെയെത്തിയ 65 പരാതികളില്‍ 35 എണ്ണവും പരിഹരിച്ചു. നേരിട്ടോ ഇ-മെയില്‍ വഴിയോ ടെലിഫോണിലൂടെയോ പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."