മിഥില മോഹന്‍ വധം: സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ വെടിവച്ചുകൊന്ന കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മിഥില മോഹന്റെ മകന്‍ മനേഷ് നല്‍കിയ ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
കേസില്‍ പിടികൂടാനുള്ള മതിവണ്ണന്‍, ഉപ്പാളി എന്നീ പ്രതികള്‍ ശ്രീലങ്കന്‍ സ്വദേശികളാണെന്ന് സംശയമുണ്ടെന്നും ഇവര്‍ക്ക് എല്‍.ടി.ടി.ഇ ബന്ധമുണ്ടാകാമെന്നും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയമുള്ള സാഹചര്യത്തില്‍ പൊലിസിന്റെ അന്വേഷണപരിധിക്ക് പുറത്തുള്ള വിഷയമാണിതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
കൊല നടന്നിട്ട് 11 വര്‍ഷം കഴിഞ്ഞതിനാല്‍ സി.ബി.ഐ എത്രയുംവേഗം അന്വേഷണസംഘത്തെ നിയോഗിക്കണമെന്നു കോടതി വ്യക്തമാക്കി. അന്വേഷണത്തെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ നല്‍കുന്നതിനൊപ്പം അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസന്വേഷണത്തില്‍ ഇതുവരെയുള്ള ക്രൈംബ്രാഞ്ചിന്റെ രേഖകള്‍ സി.ബി.ഐ പരിശോധിക്കുന്നത് ഗുണംചെയ്യുമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
2006 ഏപ്രില്‍ അഞ്ചിന് രാത്രി 8.50നാണ് വെണ്ണലയിലെ വസതിയിലെത്തിയ അജ്ഞാത സംഘം മിഥില മോഹനെ വെടിവച്ചുകൊന്നത്. പ്രതികളെ കണ്ടെത്താന്‍ പൊലിസിന് കഴിയാത്തതിനെത്തുടര്‍ന്ന് 2006 ജൂണ്‍ 19ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുള്ള പകയാണ് കൊലക്ക് കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
സ്പിരിറ്റ് കടത്തില്‍ പങ്കാളിയായിരുന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശി കണ്ണന്‍ എന്ന സന്തോഷ് കുമാറാണ് മിഥില മോഹനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസിലെ മറ്റു പ്രധാന പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."