തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി സമരം പിന്‍വലിച്ചു
ചെന്നൈ: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. വേതന വര്‍ധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടുദിവസമായി തുടരുന്ന സമരമാണ് പിന്‍വലിച്ചത്.
സമരം പിന്‍വലിച്ചതോടെ യാത്രാ പ്രതിസന്ധി നേരിട്ട തമിഴ്നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. നാളെ പൊങ്കല്‍ നടക്കാനിരിക്കെയാണ് ബസ് സമരം പിന്‍വലിച്ചത്. ഇന്നലെ രാവിലെ മുതല്‍ ബസുകള്‍ സാധാരണ നിലയില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. പൊങ്കലിന്റെ ഭാഗമായി ഇന്നലെ മുതല്‍ അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്കി.
അതേസമയം ബസ് സമരം താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് തൊഴിലാളി യൂനിയനുകള്‍ അറിയിച്ചു. ജീവനക്കാരുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി, സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി ഒരു കമ്മിഷനെ വച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് സമരം നിര്‍ത്തിവച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
ട്രാന്‍സ്പോര്‍ട്ട് രംഗത്തെ 17 തൊഴിലാളി സംഘടനകളാണ് സമരം നടത്തിയിരുന്നത്. ശമ്പളത്തില്‍ 2.57 ശതമാനത്തിന്റെ വര്‍ധനവ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ മുന്നോട്ടുവച്ച 2.44 ശതമാനം വര്‍ധനവ് തൊഴിലാളികള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങളും പെന്‍ഷന്‍കാരുടെ പ്രശ്നങ്ങളും പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനം അറിയിക്കാതിരുന്നതോടെ സമരം തുടരുകയായിരുന്നു. ഇതിനിടയിലാണ് മദ്രാസ് ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."