കൂനമ്മാവില്‍ മോഷ്ടാക്കളുടെ വിളയാട്ടം
പറവൂര്‍: കൂനമ്മാവ് മേഖലയില്‍ സൈക്കിള്‍ മോഷണം നിത്യസംഭവമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമ്പതിലധികം സൈക്കിളുകളാണ് ഈ പ്രദേശത്തുനിന്നും മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് കൂനമ്മാവ് കവലയ്ക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബ്ലോക്ക്പടി സ്വദേശി ശ്യാംകുമാറിന്റെ ഹോണ്ട ആക്റ്റീവ സ്കൂട്ടറും സെന്റ് ഫിലോമിനാസ് ദേവാലയത്തിന് എതിര്‍വശത്ത് ദേശീയപാതയ്ക്കായി ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലത്ത് വച്ചിരുന്ന രണ്ടു സൈക്കിളുകളും മോഷ്ടിക്കപ്പെട്ടതാണ് ഒടുവിലത്തേത്. മോഷണംപോയതുമായി ബന്ധപ്പെട്ട് പലരും വരാപ്പുഴ പൊലിസില്‍ പരാതി നല്‍കിയിരിക്കയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഉദാസീനത മൂലം മോഷ്ടാക്കള്‍ ഇപ്പോഴും വിലസി നടക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ദേശീയപാത 17ല്‍ കൂനമ്മാവ് ചിത്തിര കവലയില്‍ സൈക്കിളുകള്‍ വച്ചിട്ട് വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠിക്കുന്നതിനുമായി പോകുന്നവരുടെ സൈക്കിളുകളാണ് മോഷണം പോകുന്നതില്‍ ഏറെയും. സൈക്കിള്‍ മോഷണം നടക്കുന്നത് പകല്സമയങ്ങളിലുമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ വന്നുതാമസിക്കുന്ന പ്രദേശങ്ങളിലാണ് മോഷണം വ്യാപകമായിട്ടുള്ളതെന്നും പരിസരവാസികള്‍ക്ക് പരാതിയുണ്ട്. ഇതിനെതിരെ കാര്യക്ഷമമായ രീതിയില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."