ലോക കേരള സഭ: സഭയില്‍ നേതാക്കളും വ്യവസായികളും
കേരളം മുന്‍പേ പറക്കുന്ന പക്ഷി: വി.എസ്
തിരുവനന്തപുരം: വികസന ആസൂത്രണത്തില്‍ കേരളം മുമ്പേ പറക്കുന്ന പക്ഷിയാണെന്ന് വി.എസ് അച്യുതാനന്ദന്‍. പുതിയ ആകാശവും പുതിയ ഭൂമിയുമാണ് ആഗ്രഹിക്കുന്നതെന്ന് ലോക കേരള സഭയില്‍ അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങി എത്തുന്നവരിലധികവും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു. ഇവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. അതിനായി നവീന കേരള സ്വപ്‌നം എല്ലാ അര്‍ത്ഥത്തിലും പൂവണിയട്ടെ എന്നും വി.എസ് പറഞ്ഞു.
ആഫ്രിക്ക അടുത്ത പ്രതീക്ഷ: ചെന്നിത്തല
വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന മലയാളികള്‍ മുന്നോട്ട് വരണമെന്ന് ലോക കേരള സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലോക മാറ്റത്തിനൊപ്പം മുന്നില്‍ നില്‍ക്കാന്‍ മലയാളിയെ പ്രാപ്തമാക്കുന്നതിനാണ് ലോക കേരള സഭ രൂപം നല്‍കേണ്ടത്. അനേക ലക്ഷം മലയാളികളുടെ വിയര്‍പ്പിന്റെ സൃഷ്ടിയാണ് കേരളം. ഗള്‍ഫ് രാജ്യങ്ങളിലെ സാദ്ധ്യതകള്‍ മങ്ങുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമാണ് അടുത്ത പ്രതീക്ഷ.
നവകേരള സൃഷ്ടിക്ക് മാതൃക: പി.ജെ കുര്യന്‍
ലോക കേരള സഭയുടെ രൂപീകരണം നവകേരളസൃഷ്ടിക്ക് ഏറെ പ്രയോജനപ്പെടുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു.ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും ഒരുമിച്ചുള്ള സമ്മേളനം രാജ്യത്ത് ആദ്യമാണ്.
അത്തരത്തിലൊരു സഭ രൂപീകരിക്കാന്‍ പരിശ്രമിച്ച കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ പിന്തുണകൊടുത്ത പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും പി.ജെ കുര്യന്‍ അഭിനന്ദിച്ചു.
പ്രവാസിനിക്ഷേപങ്ങള്‍ക്ക് മൂലധന വളര്‍ച്ച ഉറപ്പാക്കണം: എം.എ യൂസഫലി
പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധന വളര്‍ച്ച ഉറപ്പാക്കണം എന്നും ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം കിട്ടുന്ന സംവിധാനം ഒരുക്കാന്‍ പരിശ്രമം വേണമെന്നും എം.എ യൂസഫലി.
സഭാ രൂപീകരണത്തില്‍ ഭരണ, പ്രതിപക്ഷ സഹകരണം ഉണ്ടായത് പ്രവാസികളില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കിയിരിക്കുന്നത്. സ്വന്തം പൗരര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോള്‍.
ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഗൗരവപൂര്‍ണമായ ചിന്ത ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്നും ലോക കേരള സഭാ രൂപീകരണത്തില്‍ ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ തയാര്‍, സാഹചര്യം ഒരുക്കണം: സി.കെ മേനോന്‍
എല്ലാ പ്രവാസികളും അവരുടെ കഴിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താന്‍ തയാറാണെന്ന് പ്രമുഖ വ്യവസായി സി.കെ മേനോന്‍ പറഞ്ഞു. കേരളത്തില്‍ മുതല്‍മുടക്കാന്‍ തയാറാകുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ട്രേഡ് യൂനിയനുകളും ഒരുമിച്ചു നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് പ്രധാന പരിഗണന നല്‍കണം: ആസാദ് മൂപ്പന്‍
തിരിച്ചുവരുന്ന പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പ്രധാന പരിഗണന നല്‍കണം എന്നും അവരുടെ ചികിത്സക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കണം എന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. സംസ്ഥാനത്തെ 1000 പഞ്ചായത്തുകളില്‍ എന്‍.ആര്‍.ഐ സഹകരണസംഘം രൂപീകരിച്ച് തൊഴില്‍ ലഭ്യമാക്കാനുള്ള നിര്‍ദേശം നോര്‍ക്കയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അനുകൂല സഹാചര്യം പ്രയോജനപ്പെടുത്തണം: രവി പിള്ള
ഓരോ പ്രവാസിയും സംസ്ഥാന വികസനത്തിന് നിക്ഷേപം നടത്താന്‍ തയാറാണെന്നും അനുകൂല സാഹചര്യം എല്ലാവരും പ്രയോജനപ്പെടുത്തണം എന്നും രവി പിള്ള പറഞ്ഞു.
സഭാ രൂപീകരണത്തിന് അദ്ദേഹം ഗവണ്‍മെന്റിനെ അഭിനന്ദിച്ചു. ഗള്‍ഫ് മേഖലയില്‍ ജോലി ചെയുന്ന മലയാളികള്‍ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കലകള്‍ക്കായി ഗള്‍ഫില്‍ സര്‍വകലാശാല വേണം: ആശാ ശരത്ത്
കലകള്‍ക്കായി ഗള്‍ഫ് മേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് നടിയും നര്‍ത്തകിയുമായി ആശാശരത്ത്. ഗള്‍ഫ് മേഖലകളിലുള്ള നിരവധി മലയാളി കുട്ടികള്‍ കലാഭിരുചിയുള്ളവരാണ്. എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇവര്‍ക്ക് കലാ പഠനം തുടരണമെങ്കില്‍ നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.
നെഹ്‌റുവും എ.കെ.ജിയും കവികളും കടന്നുവന്ന പ്രസംഗം
നെഹ്‌റുവും എ.കെ.ജിയും പാലാനാരായണന്‍ നായരും വള്ളത്തോളും കടന്നുവന്ന ദീര്‍ഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയില്‍ നടത്തിയത്.പാലാ നാരായണന്‍ നായരുടെ കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍' എന്ന വരികളോടെയാണ് മുഖ്യമന്ത്രി ആരംഭിച്ചത്. കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയതെന്ന് കവിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു
ജനാധിപത്യമെന്നത് ദൂരെനിന്ന് ആരാധനാപൂര്‍വം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകമേ കടന്നുചെന്ന് സാമൂഹ്യമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എ.കെ.ജി.
ലോകമേ തറവാട് എന്നു പറഞ്ഞ് ശീലിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത്. 'വസുധൈവ കുടുംബകം' എന്നും 'യെത്ര വിശ്വം ഭവത്യേക നീഡം' എന്നും ഒക്കെ പണ്ടേ പറഞ്ഞിട്ടുള്ള ഒരു ജനതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഏതു വിദേശത്തുപോയി വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍' എന്ന മഹാകവി വള്ളത്തോളിന്റെ വരികളും മുഖ്യമന്ത്രി ഉദ്ധരിച്ചു. മലയാളിസമൂഹമാകെ ഒരമ്മയുടെ മക്കളാണ് എന്ന് വള്ളത്തോള്‍ മുന്നോട്ടു വച്ച ചിന്തയാണ് ലോക കേരള സഭ രൂപീകരണത്തില്‍ പ്രതിഫലിച്ചത്
മാനവികതാവാദിയാവാന്‍ ആദ്യം സാര്‍വദേശീയ വാദിയാവണമെന്നും സാര്‍വദേശീയതാവാദിയാവാന്‍ ആദ്യം സ്വന്തം നാടിനെക്കുറിച്ച് സ്‌നേഹമുള്ളവരാകണമെന്ന ചൊല്ലും മുഖ്യമന്ത്രി പ്രസംഗത്തിലുള്‍പ്പെടുത്തിയിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
യൂസഫലി മുതല്‍ നജീബ് വരെ: ആവേശം പങ്കുവച്ച് റസൂല്‍ പൂക്കുട്ടി
പ്രവാസികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ദൂരം കുറയ്ക്കാന്‍ ലോകകേരള സഭയ്ക്ക് സാധിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ഇത്തരമൊരു സഭ സംഘടിപ്പിക്കാനുള്ള തീരുമാനം ദീര്‍ഘവീക്ഷണമുള്ളതാണ്. നിലവില്‍ ലോകമലയാളികള്‍ ഒരു സര്‍ക്കാരില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ ജോലി ചെയ്യുന്നു, നാട്ടിലേക്ക് പണം അയയ്ക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അവര്‍ രണ്ടാം തരം പൗരന്‍മാരാണ്.
ഒരു കുടിയേറ്റ നിയമം നമുക്ക് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ലോക കേരള സഭയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇത്തരം വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച് സമ്മര്‍ദ്ദം ചെലുത്താവുന്നതാണ്.
യൂസഫലിയെപ്പോലെയുള്ള വലിയ ബിസിനസുകാര്‍ക്കൊപ്പം ആടുജീവിതം നയിക്കേണ്ടി വന്ന നജീബിനും ഒന്നിച്ചിരിക്കാനാവുന്ന വേദിയാണ് ലോകകേരളസഭ എന്ന പ്രത്യേകതയുണ്ട്. ഇതൊരു തുടക്കമാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ സഭ ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ചേരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.
വികസന സാധ്യതകള്‍ക്ക് വേദിയാകും
തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം ദിവസമായ ഇന്ന് വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും. ഒന്‍പത് മണിക്കുള്ള ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം-വിവരസാങ്കേതിക വിദ്യ-നവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍.
11.30ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദ സഞ്ചാരം-സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി-ആരോഗ്യം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും.തുടര്‍ന്ന് വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ് നടക്കും. 3.45 ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വൈകുന്നേരം 6.30ന് നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ പ്രശാന്ത് എന്നിവര്‍ മുഖ്യ പ്രാസംഗികരാകും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, പ്രമുഖ വ്യവസായികള്‍ (എന്‍.ആര്‍.ഐ), വിവിധ മേഖലാ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികള്‍ സന്നിഹിതരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."