തോട്ടം മേഖല വീണ്ടും സമരച്ചൂടിലേക്ക്
കല്‍പ്പറ്റ/പൊഴുതന: ഇടവേളക്കുശേഷം വയനാട്ടിലെ തോട്ടംമേഖല വീണ്ടും സമരച്ചൂടിലേക്ക്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികളും കുറിച്യര്‍മല എസ്‌റ്റേറ്റ് തൊഴിലാളികളുമാണ് സത്യഗ്രഹസമരം ആരംഭിച്ചത്. തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി തൊഴിലാളി സംഘടനകളും രംഗത്തുണ്ട്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 107 തൊഴിലാളികള്‍ ജോലിയില്‍നിന്ന് പിരിഞ്ഞുപോയിട്ട് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് ഗ്രാറ്റിവിറ്റി നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചത്.
മുന്‍പ് സമരം നടത്തിയതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ഇവര്‍ക്ക് ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളമോ ചികിത്സാ സഹായങ്ങളോ ബോണസോ ലഭിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അതിനിടെ തോട്ടത്തിലെ വിലപിടിപ്പുള്ള വീട്ടിമരങ്ങള്‍ മുറിച്ച് കടത്താനുള്ള ശ്രമം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു.
സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാവ അധ്യക്ഷനായി. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജന.സെക്രട്ടറി പി. ഗഗാറിന്‍, സാം പി. മാത്യു, പി.എല്‍.സി വേണുമാസ്റ്റര്‍, യു. കരുണന്‍, കെ.ടി ബാലകൃഷ്ണന്‍, കെ സെയ്തലവി, എച്ച്.എം.എസ്.ഡി രാജന്‍, കെ.കെ രാജേന്ദ്രന്‍, കെ.പി കുഞ്ഞു മുഹമ്മദ്, സാലി റാട്ടക്കൊല്ലി സംസാരിച്ചു.
കുര്‍ച്യര്‍മല എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ചോദിച്ച തൊഴിലാളികളില്‍ അഞ്ചുപേരെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കൂടാതെ സര്‍വിസില്‍നിന്നു വിരമിച്ച 15 തൊഴിലാളികള്‍ക്ക് മാസങ്ങളായി ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. 2016-17 വര്‍ഷത്തെ ബോണസും ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.
ആശുപത്രി, ലയങ്ങള്‍ തുടങ്ങിയ തൊഴിലാളികളുടെ അടിസ്ഥാനകാര്യങ്ങളും മാനേജ്‌മെന്റ് നിഷേധിക്കുകയാണ്. മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനടപടികള്‍ക്കെതിരേയാണ് കുറിച്യാര്‍മല എസ്‌റ്റേറ്റില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ വേങ്ങാതോട് മസ്റ്റര്‍ പരിസരത്ത് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്.
സമരം സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി പി.കെ സുരേഷ്, എസ്.ടി.യു ഏരിയ സെക്രട്ടറി സി. മമ്മി, സി.ഐ.ടി.യു സംസ്ഥാന ഫെഡറേഷന്‍ കമ്മിറ്റി അംഗം സി.എച്ച് മമ്മി, ഏരിയ സെക്രട്ടറി വി. വിനോദ് സംസാരിച്ചു. ഹരീഷ്‌കുമാര്‍ അധ്യക്ഷനായി. പി.ഷറഫുദ്ദീന്‍ സ്വാഗതവും പി.കെ ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."