ക്ഷീരവികസന വകുപ്പ് പദ്ധതികള്‍ ഫലംകണ്ടു
അരീക്കോട്: ക്ഷീരവികസന വകുപ്പ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ജില്ലയില്‍ പാല്‍ ഉല്‍പാദനത്തില്‍ വന്‍ മുന്നേറ്റം. ഉല്‍പാദനം കൂട്ടുന്നതിനു ക്ഷീരവികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ പ്രാവര്‍ത്തികമായതോടെ മുന്‍വര്‍ഷങ്ങളെക്കാള്‍ 15 ശതമാനം വര്‍ധനവാണുണ്ടായത്.
വിവിധ ബ്ലോക്കുകളിലായി 234 പാല്‍ ഉല്‍പാദന സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ദിനേന 55,000 ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍, 2016 നവംബര്‍ മുതല്‍ ജനുവരി തുടക്കംവരെ പ്രതിദിനം 65,000 ലിറ്റര്‍ പാല്‍ ക്ഷീരകര്‍ഷകരിലൂടെ സംഭരിക്കുന്നുണ്ട്. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനു നൂതന പദ്ധതികളാണ് ക്ഷീരവികസന വകുപ്പ്-മൃഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കിയത്. ഇതു കര്‍ഷകര്‍ക്കു വലിയ നേട്ടമായി.
ക്ഷീരസംഘങ്ങളുടെ നവീകരണത്തിനായി ഒന്നര കോടി രൂപയാണ് ക്ഷീരവികസന വകുപ്പ് ജില്ലയില്‍ വിനിയോഗിച്ചത്. തീറ്റപ്പുല്‍ കൃഷിക്ക് 37 ലക്ഷം രൂപയും റൂറല്‍ ഡയറി എക്സ്റ്റഷന്‍ ആന്‍ഡ് അഡൈ്വസറി സര്‍വിസിനായി 13 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ഡയറിഫാമുകളുടെ വികസനത്തിന് 1.70 കോടിയുടെ പദ്ധതിയും നടപ്പിലാക്കി. കറവ യന്ത്രങ്ങള്‍ വാങ്ങുന്നതിനും തൊഴുത്ത് നവീകരണത്തിനും രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്കു പശു യൂനിറ്റ് തുടങ്ങുന്നതിനായി 30 ശതമാനംവരെ സബ്‌സിഡിയും അനുവദിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുളമ്പുരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി നടപ്പിലാക്കിയതും കര്‍ഷകര്‍ക്കു കരുത്തായി. ക്ഷീരോല്‍പാദനത്തില്‍ അനുയോജ്യവും കൂടുതല്‍ സാധ്യതയുള്ളതുമായ പഞ്ചായത്തുകളില്‍ സംയോജിത ക്ഷീരവികസന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കുകള്‍ക്കു കീഴില്‍ നടപ്പിലാക്കിയ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ 48 ലക്ഷം രൂപവീതമാണ് വിനിയോഗിച്ചത്. നിലമ്പൂരില്‍ 44, വണ്ടൂരില്‍ 34 എന്നിങ്ങനെ ക്ഷീരവികസന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാര്‍ഷികോത്സവത്തിന്റെ ഭാഗമായി 24നു പന്തലൂരില്‍ കന്നുകാലി പ്രദര്‍ശനവും നടക്കും. വിവിധയിനം കറവപ്പശുക്കളെയും കന്നുകുട്ടികളെയും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ക്ഷീവികസന വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."