ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇരു മുന്നണികള്‍ക്കും രണ്ടു വീതം സീറ്റുകള്‍
നിലമ്പൂര്‍: പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡായ ഞെട്ടിക്കുളത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 88 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി രജനി വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അനുസ്മിതയെ തോല്‍പിച്ചാണ് രജനി നേട്ടം കൊയ്തത്. ബി.ജെ.പി സ്ഥാനാര്‍ഥി മിനി ഷാജിക്ക് 34 വോട്ട് ലഭിച്ചു. രജനിക്ക് 539 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനുസ്മിതക്ക് 451 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയത്തെ തുടര്‍ന്നു പഞ്ചായത്തില്‍ ഭരണമാറ്റം വരും. നിലവില്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് യു.ഡി.എഫാണ്. യു.ഡി.എഫിന് ഒന്‍പതും എല്‍.ഡി.എഫിന് എട്ടും അംഗങ്ങളാണുണ്ടായിരുന്നത്. ഒരംഗത്തിന്റെ ബലത്തിലാണ് യു.ഡി.എഫിലെ സി. കരുണാകരന്‍ പിള്ള പ്രസിഡന്റായി ഭരണസമിതി നിലവില്‍വന്നിരുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ എല്‍.ഡി.എഫിന് ഒന്‍പതും യു.ഡി.എഫിന് എട്ടും അംഗങ്ങളായി മാറി. ഇതോടെ പഞ്ചായത്തില്‍ ഭരണമാറ്റം ഉറപ്പായി.
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതു സംബന്ധിച്ച് പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍ പിള്ള പറഞ്ഞു. പുതിയ ഭരണസമിതി നിലവില്‍വരുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നു സി.പി.എം.എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രനും അറിയിച്ചു. 11ാം വാര്‍ഡില്‍ യു.ഡി.എഫ് അംഗമായിരുന്ന താര അനില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പഞ്ചായത്ത് ഓഫിസില്‍ നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജോതിഷ് കുമാറിന്റെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇടതുപക്ഷ വിജയത്തെ തുടര്‍ന്നു പ്രവര്‍ത്തകര്‍ പോത്തുകല്ല്, ഞെട്ടിക്കുളം, ഉപ്പട എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ ബാബുരാജ്, പോത്തുകല്ല്, എടക്കര എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം എത്തിയിരുന്നു. നിലമ്പൂര്‍ ഭൂരേഖാ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രണ്ടു സീറ്റുകള്‍ എല്‍.ഡി.എഫും രണ്ടു സീറ്റുകള്‍ യു.ഡി.എഫും നേടി. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ മുസ്‌ലിംലീഗിലെ പറമ്പില്‍ അതീഖ് എട്ടുവോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തിരുവാലി എ.കെ.ജി നഗര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി വി.കെ ബേബിയും എടയൂര്‍ തിണ്ടലം വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ.കെ മോഹനകൃഷ്ണനും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."