പൊന്നുരുക്കുന്നിടത്തെ പൂച്ചകളുടെ പരിദേവനം!
പരമോന്നത നീതിപീഠത്തില്‍ നടന്ന 'ന്യായാധിപ പ്രതിഷേധ വിസ്‌ഫോടന'ത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണല്ലോ രാജ്യം. സീനിയര്‍ ന്യായാധിപന്മാര്‍ ആ രീതിയില്‍ പ്രതിഷേധിച്ചതു ശരിയായോ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു നിയമജ്ഞന്മാരും രാഷ്ട്രീയക്കാരും മാധ്യമചിന്തകരുമെല്ലാം മുടിനാരു കീറിയുള്ള വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയൊരു 'ഇര' വീണുകിട്ടുംവരെ ഇതായിരിക്കും ആഘോഷം. ഈ വാദകോലാഹലങ്ങള്‍ കേട്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യയിലെ പാവപ്പെട്ടവരും സാധാരണക്കാരും. കാരണം, ഇവിടെ അവര്‍ പൊന്നുരുക്കുന്നിടത്തെ പൂച്ചകള്‍ മാത്രമാണ്. ഈ കോലാഹലത്തിലിടപെട്ട് എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഒരു നേട്ടവും ഗുണവുമില്ല. ദോഷമുണ്ടാകുമോ എന്നു തീര്‍ത്തു പറയാനുമാകില്ല.
കാരണം, പരമോന്നത നീതിപീഠമെന്നതു പല കാരണങ്ങളാലും പാവപ്പെട്ടവര്‍ക്കു കൈയെത്താദൂരത്താണെന്ന് അവര്‍ വിശ്വസിക്കുന്നു. വിലകൂടിയ അഭിഭാഷകരെ വച്ചു കേസ് വാദിച്ചു ജയിക്കാനാവശ്യമായ സാമ്പത്തികം അവര്‍ പത്തുജന്മം ജനിച്ചാലും ഉണ്ടാക്കാനാവില്ല. പിന്നെന്തിന് അവര്‍ ബെഞ്ച് നിശ്ചയിക്കുന്നതില്‍ നീതിയുണ്ടോ അനീതിയുണ്ടോ എന്നെല്ലാം അന്വേഷിക്കുന്നു. ഏതു ബെഞ്ച് കൈകാര്യം ചെയ്താലും തങ്ങളുടെ കേസ് അവിടംവരെ എത്തിക്കാനുള്ള ത്രാണി തങ്ങള്‍ക്കില്ലെന്ന് അവര്‍ക്കറിയാം.
സുപ്രിംകോടതിയില്‍ വീറോടെ കേസ് വാദിക്കുന്ന അറിയപ്പെടുന്ന പല അഭിഭാഷകരുടെയും ഫീസ് എത്രയെന്നു കേട്ടാല്‍ സാധാരണക്കാരന്‍ ബോധം കെട്ടുവീഴും. പുറത്തുവരുന്ന കണക്കനുസരിച്ച് രാംജത് മലാനിയെപ്പോലുള്ള അഭിഭാഷകനു കോടതിയില്‍ ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം രൂപയാണു ഫീസ്. ഫാലി നരിമാന് എട്ടു മുതല്‍ 15 ലക്ഷം രൂപ വരെയും കെ.കെ. വേണുഗോപാലിന് അഞ്ചു മുതല്‍ 7.5 ലക്ഷം വരെയും ഗോപാല്‍ സുബ്രഹ്മണ്യത്തിന് അഞ്ചര മുതല്‍ 15 ലക്ഷം വരെയും ഹരീഷ് സാല്‍വെയ്ക്ക് 6 മുതല്‍ 15 ലക്ഷം വരെയും ഫീസുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് വിവിധ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. ശരാശരി, ഒരു സിറ്റിങിന് ഒരു ലക്ഷം രണ്ടു ലക്ഷം എന്നിങ്ങനെ തുടങ്ങി പത്തും പതിനഞ്ചുമൊക്കെ വാങ്ങുന്നവരാണു സീനിയര്‍ അഭിഭാഷകരില്‍ പലരും. സുപ്രിംകോടതി വരെ കേസ് നടത്തുന്നവര്‍ ജയിക്കാന്‍ തന്നെയായിരിക്കുമല്ലോ തുനിഞ്ഞിറങ്ങുക. പണച്ചാക്കായ എതിരാളി വിലപിടിപ്പുള്ള സീനിയര്‍ അഭിഭാഷകനെ വച്ചു വാദിക്കുമ്പോള്‍ താരതമ്യേന ഫീസ് കുറഞ്ഞ ജൂനിയറെ വച്ചു വാദിക്കാന്‍ പലരും തയാറാകണമെന്നില്ല.
വെറുമൊരു നിയമോപദേശത്തിനുപോലും ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥയാണിന്ന്. സോളാര്‍ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ മേല്‍ എടുക്കാവുന്ന നിയമനടപടികളെക്കുറിച്ചുള്ള നിയമോപദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ സുപ്രിംകോടതി ജഡ്ജി അരിജിത് പസായത്തിനു നല്‍കിയത് ലക്ഷങ്ങളാണെന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്.
അഭിഭാഷകര്‍ അവരുടെ അധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നതില്‍ കുറ്റം പറയുന്നില്ല. കേസു നടത്തിത്തരാമെന്നു പറഞ്ഞ് ആരെയും അവര്‍ പിടിച്ചുവലിക്കുന്നില്ലെന്നതും സത്യം. പക്ഷേ, എന്തു കാര്യത്തിനാണോ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു രൂപം കൊടുത്തത് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാകുന്നില്ല എന്നതും പറയാതിരിക്കാന്‍ വയ്യ. എല്ലാവരും ശപിച്ച ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രിംകോടതി വരെ കേസു വാദിച്ച് അയാളെ കൊലക്കയറില്‍നിന്നു മോചിപ്പിക്കാന്‍ ബി.എ ആളൂരിനെപ്പോലെ ഒരു അഭിഭാഷകന്‍ രംഗത്തുവന്നില്ലേ എന്നു തുടങ്ങുന്ന ചോദ്യങ്ങളെയും അവഗണിക്കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വേ പാകിസ്താന്‍ കൊലക്കയര്‍ വിധിച്ച കുല്‍ഭൂഷന്‍ ജാദവിനുവേണ്ടി കേസില്‍ ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിയിട്ടാണെന്നതും മറക്കുന്നില്ല. ഇത്തരത്തില്‍ വ്യത്യസ്തമായി പറയാവുന്ന സന്ദര്‍ഭങ്ങള്‍ പലതുമുണ്ട്.
വരുമാനം കുറഞ്ഞവര്‍ക്കു കേസ് നടത്താന്‍ സഹായിക്കുന്ന പദ്ധതി സുപ്രിംകോടതി ആവിഷ്‌കരിച്ചതും കാണാതെ പോകുന്നില്ല. സുപ്രിം കോര്‍ട്ട് മിഡില്‍ ഇന്‍കം ഗ്രൂപ്പ് സ്‌കീം പ്രകാരം കേസിന്റെ അവസ്ഥയനുസരിച്ചു നിശ്ചിതഫീസ് അടച്ചാല്‍ നിയമസഹായം കിട്ടും. ഇതൊക്കെ സാങ്കേതികമായി എടുത്തുപറയാമെന്നല്ലാതെ എല്ലാവര്‍ക്കും തുല്യനീതി (ജസ്റ്റിസ് ഫോര്‍ ആള്‍) എന്ന അവസ്ഥയിലെത്തുന്നില്ല. കേസ് വാദിച്ചു ജയിക്കാന്‍ മിടുക്കുള്ള അഭിഭാഷകര്‍ തന്നെ വേണം. മഞ്ചേരി രാമയ്യരും(തെക്കന്‍ ജില്ലകളില്‍ മള്ളൂരും) മടി നിറയെ പണവുമുണ്ടെങ്കില്‍ ആരെയും കൊല്ലാം എന്ന ചൊല്ലുതന്നെ ഉണ്ടായിരുന്നല്ലോ പണ്ട്.
ദിവസം മുഴുവന്‍ വിയര്‍പ്പൊഴുക്കി പണിയെടുത്താല്‍ സാധാരണക്കാരനു കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലപ്പോഴും ഇതു തികയാറില്ല. കാറ്റത്തു നടുക്കടലില്‍പ്പെട്ട പായ്‌വഞ്ചിപോലെയാണ് അവരുടെ ജീവിതം. അതിനിടയില്‍, ഒരു വ്യവഹാരത്തില്‍ പ്രതിചേര്‍ക്കപ്പെട്ടാലോ. വിചാരണക്കോടതിയിലും ഏറി വന്നാല്‍ ആദ്യ അപ്പീല്‍ കോടതിയിലുംവരെ പോകാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. അതിനപ്പുറം പോകുന്നത് സ്വപ്നം കാണാനേ കഴിയൂ. അങ്ങനെയുള്ള പട്ടിണിപ്പാവങ്ങള്‍ സുപ്രിംകോടതിയില്‍ ബെഞ്ച് തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കായിരിക്കണം, ന്യായാധിപന്മാരെ നിയമിക്കാനുള്ള അധികാരം കൊളീജിയത്തിനായിരിക്കണമോ സര്‍ക്കാര്‍ നിര്‍ദേശിച്ചപോലെ പ്രത്യേകസമിതിക്കായിരിക്കണമോ എന്നതിനെക്കുറിച്ചൊന്നും വേവലാതിപ്പെടില്ല, വേവലാതിപ്പെട്ടതുകൊണ്ടു അവര്‍ക്കൊരു ഗുണവുമില്ല.
നീതിപീഠവുമായി ബന്ധപ്പെട്ടു സാധാരണജനത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതിനു പരിഹാരമാണ് അവര്‍ അടിയന്തരമായി ആഗ്രഹിക്കുന്നത്. നമ്മുടെ നീതിന്യായവ്യവസ്ഥയനുരിച്ചു താഴേത്തട്ടിലുള്ള മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതി മുതല്‍ പരമോന്നത കോടതിവരെ പരാതിയും പരിദേവനവുമായി പോകാന്‍ പാവപ്പെട്ടവര്‍ക്കും അവകാശമുണ്ട്. ആ അവകാശം തറവാടു വില്‍ക്കാതെ നടപ്പാക്കി കിട്ടാനുള്ള വ്യവസ്ഥയുണ്ടാകണം. അതിനു സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെ ബെഞ്ചുകള്‍ മേഖലാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടതായി വരും.
അപ്പോള്‍ തീര്‍ച്ചയായും ഒരു ചോദ്യമുയരാം. എത്ര ന്യായാധിപന്മാരെ അതിനു നിയോഗിക്കേണ്ടിവരും. തീര്‍ച്ചയായും, ഒഴിവുകള്‍ നികത്താത്തതിന്റെ പേരില്‍ കേസുകള്‍ വൈകിയാല്‍ അതു നീതിനിഷേധം തന്നെയാകും. ഇന്ത്യയില്‍ പല കോടതികളിലും 60 വര്‍ഷം വരെ പഴക്കമുള്ള കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന വാര്‍ത്ത വന്നതു ദിവസങ്ങള്‍ക്കു മുമ്പാണ്. നീതി വാദിയുടെ പക്ഷത്തോ പ്രതിയുടെ പക്ഷത്തോ ആയാലും അതു നടപ്പാക്കിക്കിട്ടാന്‍ അരനൂറ്റാണ്ടിലേറെ കാലം വേണ്ടിവരുന്നുവെന്നതു കടുത്ത നീതിനിഷേധം തന്നെയാണ്.
ഒരു വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ വിവിധ ജില്ലാകോടതികളില്‍ മാത്രം 2.8 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. 5000 ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതാണ് ഇതിനു പ്രധാനകാരണമെന്നും പറയുന്നു. സുപ്രിംകോടതിയുടെ തന്നെ റിപ്പോര്‍ട്ടനുസരിച്ച് 15,000 പുതിയ ജഡ്ജിമാരെ നിയമിച്ചാലേ കേസ് കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനാകൂ. ഇപ്പോഴുണ്ടായ വിവാദം രമ്യമായി പരിഹരിക്കുമെന്നാണു പ്രതിഷേധിച്ചവരില്‍ ഒരാളായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏറ്റവുമൊടുവില്‍ പ്രതികരിച്ചിരിക്കുന്നത്. അതു നല്ലത്. അപ്പോഴെങ്കിലും പൊന്നുരുക്കുന്നിടത്തെ പൂച്ചകളുടെ കാര്യം പരിഗണിക്കപ്പെടുമോ, ആവോ !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."