10 ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി : പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ പ്രതികള്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാവുമോ എന്നതുള്‍പ്പെടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ നിലവില്‍ നടന്ന അന്വേഷണം തൃപ്തികരമാണോയെന്നു ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. തുടര്‍ന്നാണ് ഉച്ച കഴിഞ്ഞ് ക്രൈംബ്രാഞ്ചിനോടു റിപ്പോര്‍ട്ട് തേടിയത്.
പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നതടക്കമുള്ള ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. വെടിക്കെട്ടിനു രാഷ്ട്രീയക്കാരടക്കമുള്ള ആരുടെയും സമ്മര്‍ദമില്ലാതെയാണു ജില്ലാ ഭരണകൂടം അനുമതി നല്‍കിയതെന്നും മത്സര വെടിക്കെട്ടിനല്ല അനുമതി നല്‍കിയതെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് എസ്.പി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പൊലിസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തെങ്കിലും രാഷ്ട്രീയക്കാരുടെ മൊഴി രേഖപ്പെടുത്തിയതായി കാണുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
എന്നാല്‍ ഇവരുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തേടിയത്. ഹരജി ഫെബ്രുവരി 15ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."