ജില്ലയില്‍ പച്ചക്കറി വില കുതിക്കുന്നു
കോഴിക്കോട്: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ജില്ലയില്‍ പച്ചക്കറി വില കുതിക്കുന്നു. തക്കാളിക്കും പച്ചമുളകിനും വെണ്ടയ്ക്കും ബീന്‍സിനുമാണ് വില കുത്തനെ കൂടിയത്. പച്ചമുളകിന് മൊത്തവിപണിയില്‍ 70 രൂപയും ചില്ലറവിപണിയില്‍ 85 മുതല്‍ 120 രൂപ വരെയുമാണ് വില. കഴിഞ്ഞയാഴ്ച മുളകിന് 60 രൂപയായിരുന്നു ചില്ലറവിപണിയിലെ വില.
ഉള്‍പ്രദേശങ്ങളില്‍ മുളകിന് 140 രൂപ വരെ ഈടാക്കുന്നുണ്ട്. തക്കാളിക്ക് 45 രൂപ മുതല്‍ 70 രൂപ വരെയാണ് ചില്ലറവിപണിയിലെ വില. 40 രൂപയില്‍ നിന്നാണ് തക്കാളിയുടെ വില കുതിച്ചുയര്‍ന്നത്. 75 രൂപയ്ക്ക് തക്കാളി വില്‍ക്കുന്ന കടകളുമുണ്ട്. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലും മറ്റും ആവശ്യക്കാര്‍ക്കനുസരിച്ച് ദിവസം പലതവണ വില കൂട്ടുകയാണ്. കഴിഞ്ഞയാഴ്ച 20 രൂപയുണ്ടായിരുന്ന വെണ്ട ഇന്നലെ 60 രൂപയ്ക്കാണ് ചില്ലറവിപണിയില്‍ വിറ്റത്. കോഴിക്കോട് നഗരത്തില്‍ രാവിലെ 35 രൂപയ്ക്കും െൈവകിട്ട് 40 രൂപയ്ക്കുമാണ് വെണ്ട വിറ്റത്. ബീന്‍സിനും വില വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച 40 രൂപയുണ്ടായിരുന്ന ബീന്‍സ് 120 രൂപയ്ക്കാണ് ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. ചില സ്ഥലങ്ങളില്‍ 100 രൂപയ്ക്കും ബീന്‍സ് വില്‍ക്കുന്നുണ്ട്. പയറിനും 20 രൂപയിലധികം വര്‍ധിച്ചിട്ടുണ്ട്. 60 രൂപയാണ് ഇപ്പോള്‍ പയറിന് ചില്ലറവിപണിയിലെ വില.
കാബേജിനും പത്തു രൂപ കൂടിയിട്ടുണ്ട്. 20 രൂപ വിലയുണ്ടായിരുന്ന കാബേജ് ഇന്നലെ 30 രൂപയ്ക്കാണ് വിറ്റത്. ചെറുനാരങ്ങയ്ക്ക് 100 മുതല്‍ 120 രൂപ വരെയാണ് വില. കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കായ്, ചേന എന്നിവയ്ക്കും വില കൂടി. 50 രൂപ മുതല്‍ 60 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില.
കനത്ത വരള്‍ച്ചയും വേനല്‍മഴയും കാരണം തമിഴ്‌നാട്ടിലും മറ്റു അയല്‍സംസ്ഥാനങ്ങളിലും പച്ചക്കറി വിളവെടുപ്പ് താറുമാറായതാണ് കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വേനല്‍മഴ കനത്തതോടെ പാവല്‍, കോവല്‍, പയര്‍ എന്നിവയില്‍ കായ്ഫലം കുറഞ്ഞതും ഇവയുടെ വില വര്‍ധനയ്ക്ക് കാരണമായി. തമിഴ്‌നാട്ടിലെ ചുരണ്ട, തെങ്കാശി, പുളിയറ, രാജപാളയം, കുറിച്ചി, ആലങ്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് പച്ചക്കറി കൃഷി വ്യാപകമായ കൃഷിചെയ്യുന്നത്.
ചുരണ്ടയിലാണ് ഏറ്റവും കൂടുതല്‍ ഉള്ളിയും പച്ചമുളകും കൃഷി ചെയ്യുന്നത്. ഇവിടെ കാര്യമായ വിളവ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. കനത്ത മഴയും വേനല്‍ ചൂടും മൂലം പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പച്ചമുളകും തക്കാളിയും ഏറെയും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് കേരളത്തില്‍ എത്തുന്നത്.
പെട്ടെന്നുള്ള വിലക്കയറ്റം സാരമായിത്തന്നെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കാലവര്‍ഷം ശക്തിപ്പെടുന്നതോടെ വില ഇനിയും ഉയരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."