രസീലയുടെ കൊലപാതകം: ഇന്‍ഫോസിസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് ബന്ധുക്കള്‍
കോഴിക്കോട്: പൂനെ ഇന്‍ഫോസിസില്‍ മലയാളിയായ രസീല കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്‍ഫോസിസ് മാനേജര്‍ രസീലയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് രസീലയുടെ സഹോദരന്‍ ലജിന്‍ കുമാറും അമ്മാവന്‍ എന്‍.പി സുരേഷും പറഞ്ഞു.
പുനെ പൊലിസ് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ല. കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പൂനെ ഹിഞ്ചേവാടി ഐ.ടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫിസില്‍ കഴിഞ്ഞ 29നായിരുന്നു കുന്ദമംഗലം പയിമ്പ്ര സ്വദേശിനിയായ ഒ.പി രസീല രാജുവിനെ(25) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കാണാതായ അസം സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ബാബന്‍ സൈക്യയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് രസീലയുടെ കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതായും സഹോദരന്‍ വ്യക്തമാക്കി. കമ്പനി മാനേജര്‍ക്ക് രസീലയോട് വ്യക്തിവിരോധമുണ്ടായിരുന്നതായി അവളുടെ സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്‍ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് രസീല തങ്ങളോടൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ മാനേജരുടെ മാനസിക പീഡനത്തെ കുറിച്ച് നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. മാനേജര്‍ തന്നെ മാനസികമായി നിരന്തരം ദ്രോഹിക്കുന്നതായി അവള്‍ മരിക്കുന്നതിനു മുമ്പും പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെടുന്ന ദിവസം അവധി ദിവസമായിട്ടും തനിക്ക് മാത്രം ഡ്യൂട്ടി നല്‍കിയ മാനേജരുടെ നടപടിയെ കുറിച്ച് കൂട്ടൂകാരിയോട് രസീല പരാതിപ്പെട്ടിരുന്നു. എന്നെ എന്തിനാണ് മാനേജറിങ്ങനെ ശല്യപ്പെടുത്തുന്നതെന്നും അവള്‍ സങ്കടപ്പെട്ടിട്ടുണ്ട്.
സ്ഥാപനത്തിലെ മറ്റ് പെണ്‍കുട്ടികളെപ്പോലെ മാനേജര്‍ക്കൊപ്പം പുറത്തുപോകാന്‍ രസീല തയ്യാറാകാത്തത് അയാളെ ക്ഷുഭിതനാക്കിയിരുന്നു. പകപോക്കലിന്റെ ഭാഗമായി കൂടുതല്‍ ജോലി ചെയ്യിപ്പിച്ചിരുന്നു. അവധി നല്‍കുമായിരുന്നില്ല. വിശ്രമിക്കാന്‍ പോലും മിക്കപ്പോഴും അനുവദിച്ചില്ല. രസീലയുടെ സ്ഥലംമാറ്റത്തിലും മാനേജര്‍ തടസം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാനേജറുമായി വാക്കുതര്‍ക്കവുമുണ്ടായി. താന്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചാല്‍ പുനെയിലേക്ക് പോകുമെന്നും കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."