ബൈപ്പാസ് നിര്‍മാണ യോഗം: എം.എല്‍.എയും നഗരസഭാ ചെയര്‍മാനും എത്തിയില്ല
കൊയിലാണ്ടി: നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസിനായുള്ള സ്ഥലമേറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെ യോഗം അലസിപ്പിരിഞ്ഞു. ഇന്നലെ രാവിലെ 11നാണ് കൊയിലാണ്ടി ഈസ്റ്റ് റോഡിലെ കൈരളി ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചുചേര്‍ത്തത്.
ഉദ്യോഗസ്ഥരും ഭൂവുടമകളും കൃത്യ സമയത്ത് തന്നെ എത്തിയെങ്കിലും സ്ഥലം എം.എല്‍.എയും, നഗരസഭാ ചെയര്‍മാനും യോഗത്തിനെത്തിയില്ല. ഇത് ഭുവുടമകളുടെ ശക്തമായ എതിര്‍പ്പിനിടയാക്കി. യോഗം ആരംഭിച്ചശേഷം ഭൂവുടമകളുടെ ആവശ്യങ്ങള്‍ക്ക് അനുകൂല മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.
നിലവിലുള്ള ദേശീയ പാത വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും, ഇതിനാവശ്യമായി വരുന്ന ചെലവും അനുബന്ധമായ മറ്റ് നഷ്ടങ്ങളും പുതിയ ബൈപ്പാസുമായി താരതമ്യം ചെയ്ത് വെളിപ്പെടുത്തണമെന്നും ഭൂവുടമകളുടെ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.
ഈ ആവശ്യം അംഗീകരിപ്പിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് ഭൂവുടമകള്‍ യോഗം പിരിച്ചുവിടാന്‍ അനുവദിച്ചത്. എ.ഡി.എം ജനില്‍ കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍, നാഷണല്‍ ഹൈവേ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ പി.രാജീവന്‍ ഭൂവുടമകളെ പ്രതിനിധീകരിച്ച് രാമദാസ് തൈക്കണ്ടി, പാവന്‍വീട്ടില്‍ വേണുഗോപാല്‍, ജയരാജ് മൂടാടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."