മഴ കനിയാതെ കേരളം; ശൈത്യകാല മഴയില്‍ 89 ശതമാനം കുറവ്
കോഴിക്കോട്: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതുവര്‍ഷത്തില്‍ മഴ കനിയാത്തത് കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് ഈ മാസം 10 വരെ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴയില്‍ 89 ശതമാനത്തിന്റെ കുറവാണുണ്ടായത്. ജനുവരി ഒന്നു മുതല്‍ 10 വരെ 2.8 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിയിടത്ത് 0.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മഴലഭ്യതയില്‍ ഗണ്യമായ കുറവാണിത്. ഈ കാലയളവില്‍ ലക്ഷദ്വീപില്‍ 59 ശതമാനം മഴക്കുറവുണ്ടായി.
ആലപ്പുഴ,കണ്ണൂര്‍, എറണകുളം, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം,തൃശൂര്‍, വയനാട് ജില്ലകളില്‍ മഴ രേഖപ്പെടുത്തിയില്ല. പത്തനംതിട്ടയിലാണ് കാര്യമായ മഴലഭിച്ചത്. എന്നാലും 40 ശതമാനത്തിന്റെ കുറവുണ്ട്. 6.2 എം.എം മഴ കിട്ടേണ്ടതിനു പകരം 3.7 എം.എം മഴയാണ് ലഭിച്ചത്. ഇടുക്കിയില്‍ 88 ശതമാനം മഴക്കുറവുണ്ട്. 4.6 എം.എം മഴ ലഭിക്കേണ്ടതിനു പകരം 0.6 എം.എം മഴയാണ് ലഭിച്ചത്.
ജനുവരിയില്‍ രാജ്യവ്യാപകമായി മഴക്കുറവുണ്ടായിട്ടുണ്ട്. ശൈത്യകാല മഴ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും പെയ്തില്ല. ഇവിടെ 98 ശതമാനം മഴക്കുറവുണ്ടായി. മധ്യമേഖലാ സംസ്ഥാനങ്ങളിലും സമാന സ്ഥിതിയാണ്. ദക്ഷിണേന്ത്യയില്‍ 81 ശതമാനം മഴക്കുറവുണ്ടായി. ഇത് കൃഷിയെ ബാധിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."