കുടിയേറ്റക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം ട്രംപ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍
കേപ്ടൗണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടക്കമുള്ള കുടിയേറ്റ സമൂഹത്തിനെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ വംശീയാധിക്ഷേപത്തിലും അസഭ്യപരാമര്‍ശത്തിലും അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നു. ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ ആഫ്രിക്കന്‍ യൂനിയന്‍ ആവശ്യപ്പെട്ടു. വാഷിങ്ടണിലുള്ള ആഫ്രിക്കന്‍ യൂനിയന്‍ കാര്യാലയം നേരത്തെ പരാമര്‍ശത്തില്‍ നടുക്കവും പ്രതിഷേധവും അറിയിച്ചിരുന്നു.
വ്യാഴാഴ്ച സെനറ്റ് അംഗങ്ങളുമായി ഓവല്‍ വസതിയില്‍ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു സെനറ്റ് അംഗങ്ങള്‍. ഈ വൃത്തികെട്ട(മലദ്വാരം പോലെയുള്ള) രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്ക എന്തിനു സ്വീകരിക്കണമെന്നായിരുന്നു വിവാദ പരാമര്‍ശം. സംസാരത്തിനിടെ ഹെയ്തി, എല്‍സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയെ പരാമര്‍ശിച്ചപ്പോഴായിരുന്നു ഇത്. പരാമര്‍ശം ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും പരുഷമായ ഭാഷയില്‍ സംസാരിച്ചതായി സമ്മതിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഏറെ ആഘോഷിക്കപ്പെട്ട ബഹുസ്വരതയോടും മനുഷ്യാഭിമാനത്തോടുമുള്ള ബഹുമാനത്തെയും ധാര്‍മികതയെയും അപമാനിക്കുന്നതാണ് ട്രംപിന്റെ പരാമര്‍ശമെന്ന് ആഫ്രിക്കന്‍ യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ യു.എസ് ഭരണകൂടത്തിന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ കുറിച്ചും അവിടത്തെ ജനങ്ങളെ കുറിച്ചും തെറ്റിദ്ധാരണയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഗൗരവതരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 55 ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂനിറ്റി.
ട്രംപിന്റെ അസഭ്യപരാമര്‍ശത്തെ ഐക്യരാഷ്ട്രസഭയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തീര്‍ത്തും വംശീയാധിക്ഷേപമാണ് ട്രംപ് നടത്തിയിരിക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി വക്താവ് റൂപര്‍ട്ട് കോള്‍വില്ലെ പ്രതികരിച്ചു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോറ്റ്‌സ്വാന തങ്ങളുടെ യു.എസ് അംബാസഡറെ പിന്‍വലിച്ചിട്ടുണ്ട്. ഹെയ്തിയുടെ യു.എസ് അംബാസഡര്‍ ട്രംപ് ഭരണകൂടത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
പരാമര്‍ശത്തെ വൈറ്റ്ഹൗസ് നിഷേധിച്ചിട്ടില്ല. ചില രാഷ്ട്രീയക്കാര്‍ മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി പോരാടുമ്പോള്‍ പ്രസിഡന്റ് ട്രംപ് രാജ്യത്തിനു വേണ്ടിയാണ് എപ്പോഴും പോരാടുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് രാജ് ഷാ പ്രതികരിച്ചു. നമ്മുടെ രാജ്യത്തിന്റെ ഭാഗമാകാന്‍ സന്നദ്ധരായവരെയും സമ്പദ്ഘടനയ്ക്കും സമൂഹത്തിനും സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരെയും ഇവിടേക്ക് ക്ഷണിച്ച് രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള സ്ഥിര പരിഹാര വഴികളാണ് ട്രംപ് തേടുന്നതെന്നും ഷാ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."