താവം മേല്‍പാലം തലയുയര്‍ത്തുന്നു
പഴയങ്ങാടി: പഴയങ്ങാടി താവം റെയില്‍വേ ഗേറ്റിനു കുറുകെയുള്ള മേല്‍പ്പാലത്തില്‍ ഗേഡര്‍ സ്ഥാപിക്കല്‍ അന്തിമ ഘട്ടത്തില്‍. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിനു പുറമേ പഴയങ്ങാടി താവം റെയില്‍ ഗേറ്റിനു കുറുകേയുള്ള മേല്‍പ്പാലത്തിന്റെ പ്രവൃത്തിയും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലത്തിനായി 12 തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നതില്‍. ഇതില്‍ അവസാന ഭാഗങ്ങളിലെ ചെറിയ തൂണുകള്‍ പൂര്‍ത്തിയാകാനുണ്ട്. റെയില്‍വേ ഗേറ്റിനു കുറുകെ ഇതിനകം ആറ് ഗേഡര്‍ സ്ഥാപിച്ചുകഴിഞ്ഞു. കൊച്ചിന് ഖലാസി, കുപ്പം ഖലാസി എന്നിവരുടെ സഹായത്തോടെയാണ് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് റെയില്‍ പാളത്തിന് മുകളിലായി കഴിഞ്ഞ ദിവസം രാത്രി ഗേഡര്‍ സ്ഥാപിച്ചത്. ആര്.ഡി.എസ് കമ്പനിക്കാണ് മേല്‍പാലത്തിന്റെ നിര്‍മാണ ചുമതല. ആറ് മാസം കൊണ്ട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ മണല്‍ ദൗര്‍ലഭ്യവും തൊഴിലാളികളുടെ കുറവും കാരണം പാലം പണി മന്ദഗതിയിലായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തികള്‍ക്കു വേഗം വച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."