സാമ്പത്തിക സംവരണ നീക്കത്തിനെതിരേ ലത്തീന്‍സഭ
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ലത്തീന്‍സഭ രംഗത്ത്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ചേര്‍ന്ന കേരള റീജ്യനല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) രാഷ്ട്രീയ പ്രമേയം പാസാക്കി. സംവരണത്തിനു നല്‍കിയ അര്‍ഥവും ലക്ഷ്യവും വിസ്മരിച്ച് സാമുദായിക സംവരണ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കം ന്യായീകരിക്കാവുന്നതല്ലെന്ന് പ്രമേയം പറയുന്നു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ 4730 സ്ഥാനങ്ങളാണ് സര്‍ക്കാര്‍ സര്‍വിസില്‍ ലത്തീന്‍സഭയ്ക്ക് നഷ്ടമായതെന്ന് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സാമൂഹിക സംവരണത്തില്‍ തന്നെ അര്‍ഹമായ നേട്ടം സഭയ്ക്കു ലഭിക്കുന്നില്ല. ജാതി തിരിച്ചുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ കണക്ക് പ്രസിദ്ധീകരിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
ഭരണഘടനാ ശില്‍പികള്‍ സംവരണത്തിനു നല്‍കിയ മാനദണ്ഡങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയും സുപ്രിംകോടതി വിധിന്യായങ്ങളെ തൃണവല്‍ക്കരിച്ചും നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ യാതൊരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ (കെ.എ.എസ്) രണ്ടും മൂന്നും തട്ടുകളിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കാത്തതും സംവരണ വിഭാഗങ്ങളോടുള്ള അനീതിയാണ്.
നിലവില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന തസ്തികകളില്‍ ഗണ്യമായ കുറവ് ഇതുകാരണമുണ്ടാകുന്നു. ഈ അപാകത പരിഹരിച്ചു മാത്രമേ പുതിയ സംവിധാനം നടപ്പാക്കാവൂ. ഇതിനായി ഇപ്പോള്‍ പുറത്തിറക്കിയ ചട്ടങ്ങളില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനെതിരേ നിയമോപദേശം ലഭിച്ചിട്ടും അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതര പിന്നാക്ക സമുദായ സംഘടനകളുമായി ചേര്‍ന്നു ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള സംവരണ വ്യവസ്ഥ സംരക്ഷിക്കുന്നതിനു നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോണക്കാട് കുരിശുമല തീര്‍ഥാടകര്‍ക്കുനേരെ പൊലിസ് നടത്തിയ അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
വിശ്വാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണം. കുരിശുമലയില്‍ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ കെ.ആര്‍.എല്‍.സി.സി ആശങ്ക രേഖപ്പെടുത്തി. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നും കെ.ആര്‍.എല്‍.സി.സി ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.
യൂജിന്‍ പെരേര, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ട്രഷറര്‍ ആന്റണി നെറോണ, ബെന്നി പാപ്പച്ചന്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."