ലോയയുടെ മരണത്തില്‍ സംശയമില്ലെന്ന് മകന്‍
മുംബൈ: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബ്രിജ്‌മോഹന്‍ ലോയ(ബി.എസ്.ലോയ)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്ന് കുടുംബം. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജായിരുന്നു ലോയ. കേസിനിടയില്‍ നാഗ്പൂരില്‍ വച്ച് ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നത്. ഇതോടെയാണ് കുടുംബം തങ്ങളുടെ നിലപാടുമായി രംഗത്തെത്തിയത്.
അഭിഭാഷകനൊപ്പമാണ് മുംബൈയില്‍ ലോയയുടെ മകന്‍ അനൂജ് ലോയ വാര്‍ത്താ സമ്മേളനം നടത്തിയത്. പിതാവിന്റെ മരണത്തില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുള്ള സംശയവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പിതാവിന്റെ മരണം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ആരും ശ്രമിക്കരുതെന്നും അനൂജ് ആവശ്യപ്പെട്ടു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരേ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപണം ഉന്നയിച്ചതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ലോയയുടെ മരണം സംബന്ധിച്ച കേസായിരുന്നു.
കഴിഞ്ഞ വര്‍ഷം കാരവന്‍ മാസികയായിരുന്നു ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് രഹികൃഷ്ണന്‍ ലോയ, സഹോദരിമാരായ അനുരാധ ബിയാനി, സവിതാ മന്ധനെ എന്നിവരാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇന്നലെ മകന്‍ അനൂജ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ലോയയുടെ മരണത്തില്‍ തങ്ങളുടെ കുടുംബത്തിന് ഒരു തരത്തിലുള്ള സംശയവും ഇല്ലെന്നാണ് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങളായി ലോയയുടെ മരണത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണം നല്‍കുന്നതെന്നുപറഞ്ഞാണ് അനൂജ് വാര്‍ത്താ സമ്മേളനം നടത്തിയത്. പിതാവിന്റെ മരണത്തില്‍ ആദ്യം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം സംശയങ്ങളില്ല. ഞങ്ങള്‍ക്ക് ആരെക്കുറിച്ചും ഒരു സംശയവും ഇല്ലെന്നും വിദ്യാര്‍ഥിയായ അനൂജ് പറഞ്ഞു.
പിതാവിന്റെ മരണത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തെ ആക്രമിക്കുന്നത് നിര്‍ത്തണം. രാഷ്ട്രീയക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് കുടുംബത്തിന് സമ്മര്‍ദ്ദമുണ്ട്. പിതാവിന്റെ മരണത്തെ സംബന്ധിച്ച് തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണം സംബന്ധിച്ച് മറുപടി പറയാന്‍ കഴിയില്ലെന്നും അനൂജ് പറഞ്ഞു. ലോയയുടെ മരണത്തെ സംബന്ധിച്ച് ഇതാദ്യമായാണ് മകന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."