ആണവശേഷി പരീക്ഷിക്കാന്‍ സ്വാഗതം; ഇന്ത്യക്ക് മറുപടിയുമായി പാകിസ്താന്‍
ഇസ്‌ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭീഷണിക്കു മറുപടിയുമായി പാകിസ്താന്‍. പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങളുടെ ആണവശക്തി പരീക്ഷിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
'തന്റെ പദവിയോട് നിരക്കാത്ത നിരുത്തരവാദപരമായ പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവി നടത്തിയത്. ആണവസംഘട്ടനത്തിനു ക്ഷണിച്ചിരിക്കുന്നു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ അവരെ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍, സൈനിക മേധാവിയുടെ സംശയം എത്രയും പെട്ടെന്ന് മാറിക്കിട്ടും'-ഖ്വാജ ട്വീറ്റ് ചെയ്തു.
പാകിസ്താന്റെ ആണവ ഭോഷ്‌ക് അവസാനിപ്പിക്കാന്‍ ഇന്ത്യ തയാറാണെന്ന് കഴിഞ്ഞ ദിവസം ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു റാവത്തിന്റെ മുന്നറിയിപ്പ്.
പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യ സാഹസത്തിനു മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഗഫൂര്‍ വ്യക്തമാക്കി. 'ഞങ്ങളുടെ കിഴക്കുഭാഗത്തുനിന്നുള്ള ഏതു ഭീഷണിയെയും ശക്തമായി നേരിടാനുള്ള ആണവശേഷി ഞങ്ങള്‍ക്കുണ്ട്. എന്തു വേണമെന്ന കാര്യം ഇന്ത്യക്കു തന്നെ തീരുമാനിക്കാം '-പാക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലായ പി.ടി.വിയോട് ആസിഫ് ഗഫൂര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."