കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പിയില്‍ നീക്കം
കൊച്ചി: കേരള കോണ്‍ഗ്രസ് ബിയുടെ എന്‍.സി.പിയിലേക്കുള്ള വരവിന് തോമസ് ചാണ്ടി - എ.കെ ശശീന്ദ്രന്‍ വിഭാഗങ്ങള്‍ തടയിട്ടതോടെ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ എത്തിച്ച് മന്ത്രിയാക്കാനുള്ള നീക്കം ശക്തമായി. സി.പി.എം മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ നീക്കം. ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ രംഗത്തിറക്കിയാണ് ഇതിനായി ചരടുവലി ആരംഭിച്ചത്. അനുരഞ്ജന ശ്രമങ്ങള്‍ക്കായി 29ന് നേതാക്കളെ ശരത് പവാര്‍ ഡല്‍ഹിക്ക് വിളിപ്പിച്ചു. പാര്‍ട്ടി എം.എല്‍.എമാര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പാകുന്നത് വരെ മറ്റാരെയും മന്ത്രിയാക്കരുതെന്ന കടുത്ത നിലപാടിലാണ് ചാണ്ടി - ശശീന്ദ്രന്‍ വിഭാഗങ്ങള്‍.
കേസുകള്‍ തീര്‍പ്പാകാതെ നീണ്ടു പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാത്ത സ്ഥിതി തുടരാനാവില്ലെന്ന നിലപാടിലാണ് ടി.പി പീതാംബരന്‍. ബാലകൃഷ്ണപിള്ള അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതും സോളാര്‍ കേസിലെ പുനരന്വേഷണം കെ.ബി ഗണേഷ് കുമാറിന് വിനയാകുമെന്നതുമാണ് ചാണ്ടിയും ശശീന്ദ്രനും ആയുധമാക്കിയത്.
പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് പിള്ളയെയും പാര്‍ട്ടിയെയും എന്‍.സി.പിയില്‍ വേണ്ടെന്ന നിലപാടിലേക്ക് ശരത് പവാറും എത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ പുനരന്വേഷണം ശക്തമായാല്‍ ഗണേഷ് കുമാറിന്റെ പങ്കും അന്വേഷണ പരിധിയില്‍ വരുമെന്നും ഇതോടെ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്നും ശരത് പവാറിനെ ബോധ്യപ്പെടുത്താന്‍ ചാണ്ടി - ശശീന്ദ്രന്‍ വിഭാഗങ്ങള്‍ക്കായി. ഇതോടെയാണ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെയും പാര്‍ട്ടിയെയും എന്‍.സി.പിയില്‍ ലയിപ്പിക്കാനുള്ള നീക്കം പീതാംബരന്‍ മാസ്റ്റര്‍ ശക്തമാക്കിയത്. എന്‍.സി.പിയിലെ തര്‍ക്കം മുറുകിയതോടെ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സി.പി.എമ്മിലും ആലോചന തുടങ്ങി.
കോവൂര്‍ കുഞ്ഞുമോന്‍ ഇപ്പോള്‍ മന്ത്രിയാകട്ടെ. കേസില്‍നിന്ന് ആദ്യം മുക്തരായി വരുന്ന എം.എല്‍.എക്ക് കോവൂരിനെ രാജിവപ്പിച്ച് മന്ത്രിസ്ഥാനം മടക്കി നല്‍കാമെന്ന ധാരണയിലാണ് പീതാംബരന്‍ മാസ്റ്റര്‍. തങ്ങളല്ലാതെ മറ്റാരെയും മന്ത്രിയാക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും. ഇതു മറികടക്കാനാണ് ശരത് പവാറിനെ രംഗത്തിറക്കി പീതാംബരന്‍ മാസ്റ്റര്‍ അനുരഞ്ജനത്തിന് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."