കമല മില്‍സ് തീപിടുത്തം: മോജോസ് ബ്രിസ്റ്റോ പബ്ബ് ഉടമ യുഗ് തുല്ലി കീഴടങ്ങി
മുംബൈ: 14 പേരുടെ മരണത്തിനിടയാക്കിയ മുംബൈ കമല മില്‍സ് തീപിടുത്തവുമായി ബന്ധപ്പെട്ട കേസില്‍ മോജോസ് ബ്രിസ്റ്റോ പബ്ബ് ഉടമ യുഗ് തുല്ലി കീഴടങ്ങി. നാഗ്പൂര്‍ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ഇയാള്‍ ഡിസംബര്‍ 29 ന് തീപിടുത്തമുണ്ടായതിനു ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇന്ന് രാവിലെയാണ് തുല്ലി എന്‍.എം ജോഷി മാര്‍ഗ് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
മുംബൈ പൊലിസ് ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്‌ട്രോ പബ്ബിന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു. കമല മില്‍സില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പബ്ബുകളാണ് വണ്‍ എബൗയും മോജോ ബിസ്‌ട്രോയും. മോജോ ബിസ്‌ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.
തുല്ലിയുടെ അറസ്‌റ്റോടെ മോജോസ് പബ്ബ് ഉടമകളിലെല്ലാവരും അറസ്റ്റിലായി. മോജോ പബ്ബ് ഉടമയും മുന്‍ പൂനെ കമ്മിഷണറുടെ മകനുമായ യുഗ് പാഠകിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒളിവിലായിരുന്ന തുല്ലിയെ ഞായറാഴ്ച്ച ഹൈദരാബാദ് വിമാനത്താവളത്തില്‍ ഭാര്യയ്‌ക്കൊപ്പം കണ്ടെത്തിയെങ്കിലും പൊലിസ് എത്തും മുന്നെ ഇയാള്‍ കടന്നുകളയുകയായിരുന്നു.
ഡിസംബര്‍ 28 അര്‍ധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തില്‍ 11 യുവതികളുള്‍പ്പെടെ 14 പേരാണ് മരിച്ചത്. 150 ലധികം പേര്‍ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."