ലോയ കേസ്: എല്ലാ കാര്യങ്ങളും എല്ലാവരും അറിയട്ടെയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകളൊന്നും മറച്ചുവെക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. കേസ് ഡയറി ഒഴികെ മുഴുവന്‍ രേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി. എല്ലാ കാര്യങ്ങളും എല്ലാവരും അറിയട്ടെയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം.
സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഹരജിയിന്മേലാണ് സുപ്രിംകോടതി നിര്‍ണായകമായ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും രഹസ്യസ്വഭാവമുള്ളതാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ അറിയിച്ചു. ഈ രേഖകള്‍ പരസ്യപ്പെടുത്തരുതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചു തന്നെയാണ് പരിശോധിച്ചത്. കേസ് ഒരാഴ്ച്ചത്തേക്ക് നീട്ടിവെച്ച കോടതി ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാമെന്നും പരാതിക്കാരോട് നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."