ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ വലയിലാക്കാന്‍ കോണ്‍ഗ്രസ്
കൊല്ലം: മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി എല്‍.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ വലയിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിന്റെ കോട്ടം ഒരു പരിധിവരെ ഒഴിവാക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ കേരളാ കോണ്‍ഗ്രസിനു കഴിയുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസിന്.
നിലവില്‍ എല്‍.എഡി.എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് കേരളാ ഫീഡ്‌സ് ഉള്‍പ്പെടെ രണ്ട് കോര്‍പ്പറേഷനുകള്‍ സി.പി.എം വാഗ്ദാനം നല്‍കിയെങ്കിലും ബോര്‍ഡോ കോര്‍പ്പറേഷനോ അല്ല, മറിച്ച് മുന്നണി അംഗത്വമാണ് ആവശ്യമെന്ന നിലപാടിലാണ് പാര്‍ട്ടിനേതൃത്വം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മാണി വിഭാഗത്തില്‍ നിന്ന് പിളര്‍ന്നുമാറിയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു ഇടതുപക്ഷത്തെത്തുകയായിരുന്നു.
തുടര്‍ന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി, ചങ്ങനാശ്ശേരി, പുഞ്ഞാര്‍, തിരുവനന്തപുരം നിയമസഭാ സീറ്റുകള്‍ സി.പി.എം നല്‍കിയെങ്കിലും എല്ലാ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
അതേസമയം, മധ്യതിരുവിതാംകൂറിലെ മറ്റു ചില മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയത്തിനു ജനാധിപത്യകേരളാ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
എന്നാല്‍, പാര്‍ട്ടിയുടെ അസംതൃപ്തി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജുമായി ചര്‍ച്ചനടത്തിയിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പായി യു.ഡി.എഫിലെത്തിക്കാനുള്ള ആഗ്രഹമാണ് കെ.പി.സി.സിക്കുള്ളത്. കെ.എം മാണി കൈക്കൊള്ളുന്ന നിലപാടുകള്‍ക്കനുസരിച്ചായിരിക്കും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ തീരുമാനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."