മികച്ച കോഴ്‌സുകളുമായി അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി
ഇന്ത്യയിലെ പ്രശസ്ത കേന്ദ്ര സര്‍വകലാശാലകളിലൊന്നായ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പുതിയ അധ്യായന വര്‍ഷത്തിലേക്കുള്ള യു.ജി, പി.ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ മികച്ചുനില്‍ക്കുന്ന അലിഗഢ് യൂനിവേഴ്‌സിറ്റി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.
ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും മുപ്പതിലേറെ വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇവരുടെ വിഭിന്ന സംസ്‌കാരവും ജീവിതരീതിയും കാംപസ് ജീവിതത്തെ വ്യത്യസ്തമാക്കുന്നു. ചില കോഴ്‌സുകളില്‍ സാര്‍ക്, കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായി സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
13 ഫാക്കല്‍റ്റി കളിലായി മുന്നോറോളം കോഴ്‌സുകള്‍ അധ്യയനത്തിന്റെ ഭാഗമാണ്. പ്രൈമറിതലംമുതല്‍ പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍, ബിരുദം, ബിരുദാനന്തരം, ഗവേഷണം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയുമുണ്ട്.
റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി
സിവില്‍ സര്‍വിസ്, നെറ്റ്, ജുഡീഷ്യല്‍ സര്‍വിസ്, ബാങ്ക് എക്‌സാം തുടങ്ങിയ പരീക്ഷകള്‍ക്കു തയാറെടുക്കുന്നവര്‍ക്കായി ആര്‍.സി.എ പരിശീലനം നല്‍കിവരുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ താല്‍പര്യമുള്ളവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി സൂപ്പര്‍ 50 പ്രോഗ്രാമിലൂടെ പാര്‍ട്ട് ടൈം സിവില്‍ സര്‍വിസ് കോച്ചിങ്ങുമുണ്ട്.
മൗലാന ആസാദ് ലൈബ്രറി
ലോകത്തിലെതന്നെ വലിയ ലൈബ്രറികളിലൊന്നാണ് അലിഗഢിലെ മൗലാന ആസാദ് ലൈബ്രറി. ഏഷ്യയിലെ രണ്ടാമത്തെ വലിയ ലൈബ്രറിയാണിത്. ലോക പ്രശസ്ത അറബി, ഉര്‍ദു, പേര്‍ഷ്യന്‍ എഴുത്തുകാരുടെ നിരവധി ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളുടെ ഒരു കലവറ തന്നെ ആസാദ് ലൈബ്രറിയിലുണ്ട്. മൗലാന ആസാദ് ലൈബ്രറിക്കു പുറമേ 110 ഡിപ്പാര്‍ട്ടമെന്റ് ലൈബ്രറികളുമുണ്ട്. ബ്രൈല്‍ സെക്ഷനാണ് മറ്റൊരു പ്രത്യേകത. കാഴ്ചയില്ലാത്തവര്‍ക്കായി ബ്രൈല്‍ ലിപിയില്‍ നിരവധി പുസ്തകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലയാള വിഭാഗം
കേരളത്തിനു പുറത്ത് മലയാള പഠന വകുപ്പുള്ള ഏക കേന്ദ്ര സര്‍വകലാശാലയാണ് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി. മലയാളത്തില്‍ ബി.എ സബ്‌സീഡിയറി, എം.എ, പി.എച്ച്.ഡി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കിവരുന്നു.
ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ്
വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാന കമ്പനികളുടെ നേതൃത്വത്തിലുള്ള ജോബ് ഫെസ്റ്റുകള്‍, എംപ്ലോയ്‌മെന്റ് ഓറിയന്റ്റേഷന്‍ ക്ലാസുകള്‍, തൊഴില്‍ സംബന്ധ മായ പരിശീലന കളരികള്‍, ജോലിസംബന്ധമായ മോട്ടിവഷന്‍ ക്ലാസുകള്‍, സ്വയംതൊഴില്‍ പരിശീലനം തുടങ്ങിയവ നല്‍കുന്നു.
ഹോഴ്‌സ് റൈഡിങ്
കുതിര സവാരി പരിശീലനം നല്‍കുന്ന ലോകത്തിലെതന്നെ ചുരുക്കം യൂനിവേഴ്‌സിറ്റികളില്‍ ഒന്നാണ് അലിഗഢ്. ചെറിയ ഫീസിലൂടെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഹോഴ്‌സ് റൈഡിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
മലയാളി അസോസിയേഷന്‍
അലിഗഢ് മുസ്‌ലിംയൂനിവേഴ്‌സിറ്റിയിലെ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മ മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്നുവരുന്നുണ്ട. അഡ്മിഷന്‍ സമയത്ത് പുതുതായിവരുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യവും മറ്റു സഹായങ്ങളും ഇവര്‍ ചെയ്തുകൊടുക്കും
അഡ്മിഷന്‍
ബി.ടെക്, എം.ബി.എ കോഴ്‌സുകള്‍ക്ക് ഫെബ്രുവരി 22ഉം ബി.എഡ്, ബി.എ.എല്‍.എല്‍.ബി കോഴ്‌സുകള്‍ക്ക് ഫെബ്രുവരി 27ഉം ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകള്‍ക്ക് ഫെബ്രുവരി 18ഉം ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. പി.ജി കോഴ്‌സ്‌കള്‍ക്ക് ഏപ്രില്‍ 12വരെയാണ് അപേക്ഷിക്കാവുന്നത്. ഈ വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് (ബി.ടെക്, ബി.എഡ്, ബി.എ.എല്‍.എല്‍.ബി, എം.ബി.എ) കോഴികോട് സെന്റര്‍ ആസ്ഥാനമായി പരീക്ഷ എഴുതാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http:www.amucotnrollerexams.com
ഹെല്‍പ്‌ഡെസ്‌ക്: 8791289896, 9496733471, 7417790307, 9447802482
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."