ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍: വിവേചനത്തിനും വിമാന ടിക്കറ്റ് നിരക്കിനും മറുപടി നല്‍കാതെ കേന്ദ്രം
കൊണ്ടോട്ടി: ഹജ്ജ് സബ്‌സിഡി കേന്ദ്രം നിര്‍ത്തിയത് വിവേചനത്തിനും വിമാന ടിക്കറ്റ് നിരക്കിനും മറുപടി നല്‍കാതെ. 2012ലാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കുന്ന സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തി 2022ഓടെ പൂര്‍ണമായി ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, 2022 വരെ കാത്തുനില്‍ക്കാതെ ഈ വര്‍ഷം മുതല്‍ പൂര്‍ണമായി നിര്‍ത്തലാക്കിയത് വിമാന ടിക്കറ്റ് നിരക്കിലെ കൊള്ളയും മറ്റു തീര്‍ഥാടനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയും പരിശോധിക്കാതെയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കൈലാസ് മാനസസരോവര്‍ യാത്ര, ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജൈ്വന്‍ തുടങ്ങിയ കുംഭമേളകള്‍ക്കായി ലക്ഷക്കണക്കിന് രൂപയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ഷംതോറും ചെലവഴിക്കുന്നത്. 2014ല്‍ ഹരിദ്വാറില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 1,150 കോടിയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദില്‍ ചെലവഴിച്ചത് 11 കോടി രൂപയുമായിരുന്നു. ഇതില്‍ 800 കോടി രൂപ ദുരുപയോഗം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉജൈ്വനില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടന്ന മേളക്ക് കഴിഞ്ഞ വര്‍ഷം 100 കോടി വകയിരുത്തിയത് കേന്ദ്ര സഹകരണ മന്ത്രാലയമായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും മതപരമായ ചടങ്ങുകള്‍ക്ക് പ്രത്യേക സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടകം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മാനസസരോവര്‍ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കായി 1.5 ലക്ഷം രൂപ വീതം ചെലവഴിക്കുന്നുണ്ട്.
മധ്യപ്രദേശ് സര്‍ക്കാര്‍ മുസിമന്ദിരി തീര്‍ഥ ദര്‍ശന്‍ യോജനയുടെ കീഴില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ട്. ഇതില്‍ മധുര, അയോധ്യ, സന്ത് കബീര്‍ ജന്മസ്ഥലം, സെന്റ് തോമസ് ചര്‍ച്ച് എന്നിവ ഉള്‍പ്പെടുന്നു.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ തീര്‍ഥാടകരെ ചൂഷണംചെയ്യുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനക്ക് പരിഹാരം കാണാന്‍ കേന്ദ്രത്തിനായിട്ടില്ല. കഴിഞ്ഞവര്‍ഷം 72,812 രൂപയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ടിക്കറ്റ് നിരക്കായി നല്‍കേണ്ടിയിരുന്നത്. ഇതില്‍ സബ്‌സിഡി തുകയായ 10,750 രൂപ കുറച്ച് വിമാനത്താവളനിരക്കായ 3,560 രൂപ കൂടി ചേര്‍ത്ത് 65,622 രൂപയാണ് തീര്‍ഥാടകര്‍ നല്‍കിയത്. എന്നാല്‍, കരിപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ജിദ്ദയിലേക്ക് 10,000 രൂപ മുതലാണ് വിമാന ടിക്കറ്റ് നിരക്കുള്ളത്. യാത്രാ തിരക്കേറുമ്പോള്‍ നിരക്ക് വര്‍ധിക്കുകയാണ് ചെയ്യുന്നത്.
കേരളത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഗുവാഹത്തി, ശ്രീനഗര്‍, റാഞ്ചി എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
ഗുവാഹത്തി വിമാനത്താവളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. 1,06,868 രൂപയാണ് കഴിഞ്ഞ ഹജ്ജ് സീസണിലുള്ള ഇവിടുത്തെ നിരക്ക്. സബ്‌സിഡി തുകയായി 44,800 രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഒരു ഭാഗത്തേക്ക് യാത്രക്കാരില്ലാതെ സര്‍വിസ് നടത്തുന്നതിനാലാണ് ഉയര്‍ന്ന നിരക്ക് വരുന്നതെന്നാണ് വിമാനകമ്പനികളുടെ വാദം.
ആഗോള ടെന്‍ഡര്‍ വിളിച്ച് ഇത് പരിഹരിക്കാമെങ്കിലും ഹജ്ജ് ടെന്‍ഡര്‍ എയര്‍ ഇന്ത്യക്ക് നല്‍കുന്നതിനോടാണ് കേന്ദ്രത്തിന് താല്‍പര്യം. വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് എയര്‍ഇന്ത്യ ഹജ്ജ് സര്‍വിസ് നടത്തിവരികയായിരുന്നു. ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ കേരളത്തില്‍ നിന്ന് 35,000 രൂപക്ക് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ സാധിക്കും.
രാഷ്ട്രീയപ്രേരിതം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനമെടുത്തത് എന്തു ലക്ഷ്യംവച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം.
സുപ്രിംകോടതി 2022 വരെ സമയമനുവദിച്ച് ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട സബ്‌സിഡി ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് സാധാരണക്കാരുടെ ഹജ്ജ് സ്വപ്നങ്ങളെ ബാധിക്കും. ഈ വിഷയത്തില്‍ യു.പി.എ സഖ്യകക്ഷികളുമായിചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. മുസ്‌ലിം ലീഗ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ആഗോള ടെന്‍ഡര്‍ വിളിച്ച് ഹജ്ജ് യാത്രാച്ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശം ചെവിക്കൊള്ളാത്ത കേന്ദ്രസര്‍ക്കാര്‍ ധൃതിപിടിച്ച് സബ്‌സിഡി എടുത്തുകളയുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണിത്. മറ്റ് പല തീര്‍ഥാടനത്തിനുമുള്ള സബ്‌സിഡി നിലനിര്‍ത്തിക്കൊണ്ടാണ് കേന്ദ്രം ഹജ്ജ് സബ്‌സിഡി മാത്രം നിര്‍ത്തലാക്കിയത്. സബ്‌സിഡിക്ക് അനുവദിക്കുന്ന പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നുപറയുന്നത് കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."