കര്‍ണാടകയില്‍ തൂക്കുസഭക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേ
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കര്‍ണാടക ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുഖ്യരാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും കൊണ്ടും കൊടുത്തും പ്രചാരണ രംഗം ശക്തമാക്കിയെങ്കിലും ഇന്നലെ വന്ന അഭിപ്രായ വോട്ടെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും അത്ര സുഖകരമായ സാഹചര്യമല്ല നല്‍കുന്നത്.
ഭരണ പക്ഷമായ കോണ്‍ഗ്രസിനും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്കും കടുത്ത വെല്ലുവിളിയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ജനതാദളി(എസ്)ന് കാര്യമായ വെല്ലുവിളിയില്ലെന്നും അഭിപ്രായ സര്‍വേ പറയുന്നു.
സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരിക്കില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 മുതല്‍ 81 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് 73 മുതല്‍ 76 സീറ്റുകള്‍ വരെ ലഭിക്കും. ജെ.ഡി.എസിന് 64 മുതല്‍ 66 സീറ്റുകള്‍ വരെ ലഭിക്കുമെന്നും അഭിപ്രായ സര്‍വേ പറയുന്നു.
ഓരോ മണ്ഡലത്തിലെയും 2000ത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സമൂഹത്തിലെ ദലിത് വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമ്പോള്‍ സവര്‍ണ വിഭാഗം കൈവിടുമെന്നും സര്‍വേ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നയം കാര്യമായ നേട്ടം സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉണ്ടാക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം ബി.ജെ.പി ഉയര്‍ത്തി കാണിക്കുന്ന ഹിന്ദുത്വ വാദത്തോട് ജനങ്ങള്‍ കാര്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തെ അംഗീകരിക്കാനാകില്ലെന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.
എന്നിരുന്നാലും ദലിത് മുഖ്യമന്ത്രിയോടുതന്നെയാണ് ജനങ്ങള്‍ക്ക് ആഭിമുഖ്യമെന്നും ഇത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നുമാണ് സര്‍വേ പറയുന്നത്.
എന്നാല്‍ സര്‍വേക്കു പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും സിദ്ധരാമയ്യയുടെ വിമര്‍ശകനുമായ ജി. പരമേശ്വരയാണെന്നാണ് വിവരം. 2013ലെ തെരഞ്ഞെടുപ്പില്‍ പരമേശ്വര പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പരാജയത്തിന് പിന്നില്‍ സിദ്ധരാമയ്യ പക്ഷമാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സര്‍വേക്ക് പിന്നില്‍ താനുണ്ടെന്ന വാര്‍ത്ത പരമേശ്വര നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിരുദ്ധരാണ് സര്‍വേക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സര്‍വേ ഫലം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഇതുസംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."