അശാസ്ത്രീയ കൈവരി നിര്‍മാണം അപകടമൊരുക്കുന്നു
കൊടുവള്ളി: റോഡ് സുരക്ഷയ്ക്കു വേണ്ടി നിര്‍മിക്കുന്ന കൈവരി അപകട ഭീഷണിയുയര്‍ത്തുന്നതായി പരാതി. കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയില്‍ കൊടുവള്ളിക്കടവ് പാലം അപ്രോച്ച് റോഡിലെ കൈവരിയാണ് അപകടമൊരുക്കുന്നത്. തിരക്കേറിയ റോഡിന്റെ ഇരുവശവും കൈവരി നിര്‍മിക്കുന്നത് നിശ്ചിത അകലം പാലിക്കാതെയാണ്. ഇതുമൂലം വാഹനങ്ങള്‍ കൈവരിയില്‍ തട്ടി അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്.
കാല്‍നട യാത്രക്കാര്‍ക്കു സഞ്ചരിക്കാനുള്ള സ്ഥലത്തുകൂടെയാണ് കൈവരി നിര്‍മിക്കുന്നത്. റോഡിന് വീതിക്കുറവുള്ള ഇവിടെ കൈവരി നിര്‍മാണംകൂടി പൂര്‍ത്തിയാവുമ്പോള്‍ ഇരുദിശയില്‍ നിന്നു ഒരേസമയം വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടും.ചിലയിടങ്ങളില്‍ കൈവരി റോഡിലേക്കു തള്ളിയാണ് നില്‍ക്കുന്നത്.
റോഡിന്റെ ഇരുവശത്തെ താഴ്ചയും അപകടത്തിനു കാരണമായേക്കാം. കൈവരി നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പി.ഡബ്ല്യു.ഡി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആരോപണമുണ്ട്. നടപടിയാവശ്യപ്പെട്ട് റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."