ദേശീയ വിരവിമുക്ത ദിനം: ജില്ലയില്‍ 7.63 ലക്ഷം കുട്ടികള്‍ക്ക് മരുന്ന് നല്‍കും
കോഴിക്കോട്: ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി നാളെ ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള 7.63ലക്ഷം കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ശേഷം 2.30ന് മീഞ്ചന്ത രാമകൃഷ്ണാ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുന്നത്.
ഒന്നുമുതല്‍ രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ലയിപ്പിച്ചാണ് കൊടുക്കുന്നത്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാന്‍ നല്‍കുന്നതാണ്.
ഈ മാസം 10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്ത ദിനമായ 15ന് തീര്‍ച്ചയായും കഴിക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി.
ഡി.എം.ഒ എസ്.എന്‍ രവികുമാര്‍, ഡോ. സരളാ നായര്‍, ഡി.ഇ.ഒ അജിത് കുമാര്‍, മാസ് മീഡിയ ഓഫിസര്‍ മണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."