ഫണ്ടും ജീവനക്കാരുമില്ല: നാര്‍കോട്ടിക്ക് സെല്‍ പ്രവര്‍ത്തനം അവതാളത്തില്‍
കോഴിക്കോട്: പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടും ജീവനക്കാരുമില്ലാതെ ആന്റി-നാര്‍ക്കോട്ടിക് സെല്‍ പ്രവര്‍ത്തനം അവതാളത്തില്‍.
സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നാര്‍കോട്ടിക്ക് സെല്ലിന് കീഴില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ കുറവും ഫണ്ടിന്റെ അഭാവവും കാരണം പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നത്.
ഒരു വര്‍ഷത്തേക്കാവശ്യമായ പ്ലാന്‍ ഫണ്ട് സാമ്പത്തിക വര്‍ഷാരംഭത്തിലാണ് അനുവദിക്കുക. 2016 ല്‍ ഓരോ സെല്ലിനുമായി അനുവദിച്ചത് അരലക്ഷം രൂപ മാത്രമാണ്.
ബോധവല്‍ക്കരണത്തിനായി സ്‌കൂളുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ച് നാര്‍കോട്ടിക്ക് സെല്ലിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ മത്സര പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുപോലും ഫണ്ടില്ലാത്തതിനാല്‍ സമ്മാനം നല്‍കാനാകാത്ത അവസ്ഥയാണുള്ളതെന്നും ജീവനക്കാര്‍ പറയുന്നു.
വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനാവശ്യമായ വനിതാ ഉദ്യോഗസ്ഥരില്ലാത്തതും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. എക്‌സൈസ്, സിവില്‍ പൊലിസ്, നാര്‍കോട്ടിക്ക് സെല്‍, ആരോഗ്യ വകുപ്പ് എന്നിങ്ങനെയുള്ള വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകളും നടപടികളും തുടരുന്നത്.
ജീവനക്കാരുടെ അഭാവത്തില്‍ വിവിധ റസിഡന്‍സ് അസോസിയേഷനുകളെയും സാമൂഹിക-സാംസ്‌കാരിക സംഘടനകളെയും കൂട്ടുപിടിച്ചാണ് ചെറിയ തോതിലെങ്കിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.
ക്ലീന്‍ കാംപസ് സേഫ് കാംപസ്, എസ്.പി.ജി എന്നിവയാണ് പ്രധാന പരിപാടികള്‍.
പോസ്റ്റര്‍, സ്റ്റിക്കറുകള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, സെമിനാറുകള്‍, ചിത്ര രചനാ മത്സരങ്ങള്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ബോധവല്‍കരണത്തിന്റെ ഭാഗമായി നാര്‍കോട്ടിക്ക് സെല്ലിനു കീഴില്‍ നടക്കാറുണ്ട്.
എന്നാല്‍ ഇതിനാവശ്യമായ പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതിനുള്ള അലംഭാവമാണ് പ്രവര്‍ത്തി നിലയ്ക്കുന്ന തരത്തിലേക്കു എത്തിയത്.
മയക്കുമരുന്ന്, കഞ്ചാവ്, പാന്‍മസാലകള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സംഘങ്ങളുടെ ആസൂത്രിത നീക്കങ്ങള്‍ തടയുന്നതിനാണ് ജില്ലാ പൊലിസിനു കീഴില്‍ നാര്‍കോട്ടിക്ക് സെല്ലിന് രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."