13 മക്കളെ വീട്ടില്‍ ബന്ധിയാക്കി ഉപദ്രവിച്ചു; കാലിഫോര്‍ണിയയില്‍ ദമ്പതികള്‍ അറസ്റ്റില്‍
കാലിഫോര്‍ണിയ: 13 മക്കളെ വീട്ടില്‍ ബന്ധികളാക്കി വച്ച ദമ്പതികള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. രണ്ടു വയസു മുതല്‍ 29 വയസുവരെയുള്ള മക്കളെയാണ് ഇവര്‍ ബന്ധികളാക്കി വച്ചത്. ഇവരുടെ 17കാരിയായ മകള്‍ വീട്ടില്‍നിന്നു രക്ഷപ്പെടുകയും പൊലിസിനെ വിവരമറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണു സംഭവം പുറംലോകമറിയുന്നത്.
ലോസ് ആഞ്ചല്‍സില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ പെറിസിലാണു സംഭവം. 17കാരിക്കൊപ്പം വീട്ടിലെത്തിയ പൊലിസ് മറ്റ് 12 പേരെയും രക്ഷപ്പെടുത്തി മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. 57കാരനായ ഡെവിഡ് അലന്‍ ടര്‍പിനും ഭാര്യ 49കാരി ലൂയിസ് അന്ന ടര്‍പിനുമാണ് അറസ്റ്റിലായത്. വീട്ടിലെ സെല്‍ഫോണുപയോഗിച്ചാണ് കുട്ടി പൊലിസിനെ വിളിച്ചത്.
പൊലിസെത്തുമ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികള്‍ ബന്ധികളായി കഴിഞ്ഞിരുന്നത്. ഇരുട്ടുമുറിയില്‍ പലരെയും കട്ടിലിനോടു ചേര്‍ത്ത് ചങ്ങലക്കിട്ടിരിക്കുകയായിരുന്നു. ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ പോഷകാഹാരക്കുറവുമൂലം പട്ടിണിക്കോലങ്ങളായിരുന്നു കുട്ടികള്‍. രക്ഷപ്പെട്ട 17കാരിയെ കണ്ടാല്‍ 10 വയസുകാരിയാണെന്നേ തോന്നുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു. കുട്ടികളുടെ ശാരീരികാവസ്ഥ വളരെ മോശമായതിനാല്‍ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികളെ ഇത്തരത്തില്‍ താമസിപ്പിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നതിനെക്കുറിച്ച് അറിവില്ല. ശാരീരികാവസ്ഥയില്‍നിന്നു വര്‍ഷങ്ങളായി ഇവരെ ഇത്തരത്തില്‍ പാര്‍പ്പിച്ചതായാണു മനസിലാകുന്നതെന്ന് പൊലിസ് പറഞ്ഞു. മാതാപിതാക്കളെ ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ച കാരണവും വ്യക്തമല്ല. ഇക്കാര്യങ്ങള്‍ പൊലിസ് അന്വേഷിച്ചുവരികയാണ്. അഞ്ചു വര്‍ഷത്തിലധികമായി മകളെയും മരുമകനെയും കുറിച്ചു വിവരമൊന്നുമുണ്ടായിരുന്നില്ലെന്ന് ടര്‍പിന്റെ പിതാവ് ജെയിംസ് ടര്‍പിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."