ഭവാനി ടീച്ചറെ പീസ് ഫൗണ്ടേഷന്‍ ഏറ്റെടുത്തു
മാനന്തവാടി: ആശ്രിതരില്ലാതെ രോഗശയ്യയിലായ ഭവാനി ടീച്ചര്‍ക്ക് ഒടുവില്‍ പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീസ് വില്ലേജ് ഫൗണ്ടേഷന്‍ തുണയായി. വയസുകാലത്ത് ടെസ്റ്റ് ട്യൂബിലൂടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി ശ്രദ്ധേയയായ മൂവാറ്റുപ്പുഴ സ്വദേശിനി ഭവാനി ടീച്ചര്‍ (75) നെയാണ് വൃദ്ധസദനം ഭാരവാഹികള്‍ ഏറ്റെടുത്തത്. മാനന്തവാടിയില്‍ വാടകക്ക് താമസിച്ചിരുന്ന ടീച്ചര്‍ കഴിഞ്ഞ മൂന്നാം തിയതിയാണ് കുഴഞ്ഞ് വീണത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാര്‍ത്തകളിലൂടെ ഇവരുടെ ദയനീയ സ്ഥിതി അറിഞ്ഞ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മുജീബ് റഹ്മാന്‍ അഞ്ചു കുന്നിന്റെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദീന്‍ സേവ ചാരിറ്റബള്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌നേഹാലയം പാലിയേറ്റീവ് കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതനുസരിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ തയാറാക്കിയെങ്കിലും ട്രസ്റ്റുകാര്‍ പിന്‍മാറി. ഇതോടെ ചികിത്സക്കുള്ള സാമ്പത്തിക ബാധ്യത താങ്ങാനാവാത്തതിനെ തുടര്‍ന്ന് വീണ്ടും കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിലേക്ക് തന്നെ മാറ്റുകയായിരുന്നു. അസുഖത്തില്‍ നേരിയ കുറവ് ഉണ്ടായ ഇവരെ ഏറ്റെടുക്കാന്‍ പീസ് ട്രസ്റ്റ് തയാറാവുകയും വിദഗ്ധ ചികിത്സക്കായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ കൊണ്ടുപോവുകയും ചെയ്തു. നിയമാനുസരണമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഇവരെ ഫൗണ്ടേഷന്‍ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."