ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; ഉമറുല്‍ ഫാറൂഖിനെ സി.ബി.ഐ ചോദ്യം ചെയ്തു
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പി.ഡി.പി പ്രാദേശിക നേതാവ് ഉമറുല്‍ ഫാറൂഖ് തങ്ങളെ സി.ബി.ഐ ചോദ്യം ചെയ്തു.
ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിക്കുന്ന സി.ബി.ഐയുടെ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി ഇ.കെ ഡോര്‍ബിന്റെ നേതൃത്വത്തിലാണ് പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റായ ഉമറുല്‍ ഫാറൂഖ് തങ്ങളുടെ മൊഴിയെടുത്തത്.
കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കാസര്‍കോട് പരപ്പ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ പി.എ അശ്‌റഫില്‍ നിന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് സി.ബി.ഐ സംഘം മൊഴിയെടുത്തിരുന്നു. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പണം വാഗ്ദാനം ചെയ്തതായി അശ്‌റഫ് മൊഴി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സി.ബി.ഐ സംഘം തളിപ്പറമ്പിലെ താല്‍ക്കാലിക സി.ബി.ഐ ക്യാംപിലേക്ക് വിളിച്ചു വരുത്തി ഉമറൂല്‍ ഫാറൂഖിന്റെ മൊഴിയെടുത്തത്.
തന്റെ ഓട്ടോറിക്ഷയില്‍ ആറു തവണ ക്വട്ടേഷന്‍ സംഘത്തെ ഖാസിയുടെ വീടിന്റെ പരിസരത്ത് എത്തിച്ചിരുന്നതായി അശ്‌റഫ് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരുന്നത്.
ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയതിന്റെ തലേ ദിവസവും ഇവരെ ഖാസിയുടെ വീടിന്റെ പരിസരത്ത് എത്തിച്ചിട്ടുണ്ടെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പറഞ്ഞിട്ടാണ് വാട്സ്ആപ്പില്‍ ഈ വിവരം വോയിസ് മെസേജ് ഇട്ടതെന്നാണ് അശ്‌റഫിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന വിവരങ്ങളൊക്കെ ഉമറുലിനോട് വെളിപ്പെടുത്തിയെന്നും എന്നാല്‍ ഇനി വിവരങ്ങള്‍ ആരോടും പങ്കുവെക്കേണ്ടന്നും അതിന് തനിക്ക് പണം നല്‍കാമെന്നും ഉമറുല്‍ പറഞ്ഞതായും അശ്‌റഫ് മൊഴി നല്‍കിയിരുന്നു.
ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്ന് മൊഴിയെടുത്തതിന് ശേഷം ഉറമുല്‍ ഫാറൂഖ് തങ്ങള്‍ പറഞ്ഞു. താനാണ് ക്വട്ടേഷന്‍ സംഘത്തെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിട്ടതെന്നും ബന്ധുകൂടിയായ സുലൈമാന്‍ വൈദ്യര്‍ പണം കൈമാറുന്നത് കണ്ടുവെന്നും അശ്‌റഫ്് പറഞ്ഞതായും ഉമറുല്‍ പറഞ്ഞു. രണ്ടു ബാഗുകളിലായി 20 ലക്ഷം രൂപയാണ് നല്‍കിയത്. ആറു തവണ അശ്‌റഫുമായി താന്‍ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങളൊക്കെ അന്വേഷണ സംഘത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി യൂനസ് തളങ്കര, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.എച്ച് മുനീര്‍, ഉബൈദ് മുക്കംതല, സെയ്ദ് മുഹമ്മദ് തുടങ്ങിയവരോടൊപ്പമാണ് ഉറമുല്‍ മൊഴി നല്‍കാനെത്തിയത്. ഖാസി കൊലപാതക കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു. അധോലോക ബന്ധവും ഹവാല ഇടപാടും ഈ കേസിലുണ്ടെന്നും സുലൈമാന്‍ വൈദ്യരേയും സഹായി രാജനെയും സി.ബി.ഐ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."