വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായില്ല; ദുരിതക്കയത്തില്‍ പത്തു കുടുംബങ്ങള്‍
ഏറ്റുമാനൂര്‍: വീടെന്ന സ്വപ്‌നവുമായി ദുരിതക്കയത്തില്‍ പത്തു കുടുംബങ്ങള്‍. നീണ്ടൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുറുമള്ളൂര്‍ സെന്റ്് സ്റ്റീഫന്‍സ് പള്ളിക്കു സമീപം പോത്തന്‍ കോളനിയിലാണ് കരളലിയിക്കുന്ന കാഴ്ച. ടാര്‍പോളിനും ഫഌക്‌സ് ബോര്‍ഡുകളും മറച്ചുണ്ടാക്കിയ കുടിലുകളില്‍ ജീവന്‍ പണയം വച്ചാണ് പിഞ്ചുകുഞ്ഞുങ്ങളുമായി ആളുകള്‍ താമസിക്കുന്നത്.
20 വര്‍ഷം മുന്‍പ് ഒരു സ്വകാര്യവ്യക്തി സംഭാവന നല്‍കിയ 56 സെന്റ് സ്ഥലം പട്ടികജാതിക്കാരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവച്ച് താമസിക്കുന്നതിനായി കൈമാറി. 4 സെന്റ് വീതം പത്തു പേര്‍ക്ക് സ്ഥലം നല്‍കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവര്‍ക്കാര്‍ക്കും വീടായില്ല. ചതുപ്പായി കിടന്ന സ്ഥലം കുറേ മണ്ണിട്ട് നിരത്തിയാണ് ഇവര്‍ അന്ന് കുടിലുകള്‍ വച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചാലും താമസിക്കുന്നത് വെള്ളക്കുഴിയായതിനാല്‍ വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകാത്ത അവസ്ഥയിലാണിവര്‍.
പരാധീനതകളുടെ നടുക്കയത്തിലാണ് ഇവര്‍. അടച്ചുകെട്ടില്ലാത്ത കുടിലുകള്‍ പാടത്തിനോട് ചേര്‍ന്നായതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെ. കുടിവെള്ളത്തിന് കിണറോ പൈപ്പ് കണക്ഷനോ ഇല്ല. ഏറെ ദൂരം താണ്ടിയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. മറ്റാവശ്യങ്ങള്‍ക്ക് പാടത്തിനടുത്തുള്ള ഓലിയാണ് ശരണം.
ഇതിനിടെയാണ് വീട് പണിയാന്‍ മൂന്ന് കുടുംബങ്ങള്‍ക്ക് 3.5 ലക്ഷം രൂപാ വീതം പട്ടികജാതി ട്രൈബ്യൂണല്‍ അനുവദിച്ചത്. പക്ഷേ സ്ഥലം മണ്ണിട്ടുയര്‍ത്താനും സാധനങ്ങള്‍ എത്തിക്കുവാന്‍ വഴി സൗകര്യമില്ലാതെയും കുഴയുകയാണ് ഇവര്‍. ഇതിനിടെ വീട് വയ്ക്കാന്‍ ആദ്യ ഗഡുവായി 35000 രൂപ ലഭിച്ച ഒരു വീട്ടമ്മ സ്ഥലമൊരുക്കി തറ പകുതി പണിതു. തറ പണി പൂര്‍ത്തിയായാലേ ബാക്കി തുക ലഭിക്കൂ. എന്നാല്‍ നിര്‍മാണം മുന്നോട്ടുകൊണ്ടു പോകാനാവാതെ കുഴയുകയാണ് ഇവര്‍. മെയിന്‍ റോഡില്‍ നിന്നു തലച്ചുമടായി വേണം സാധനങ്ങള്‍ സ്ഥലത്തെത്തിക്കാന്‍. മാത്രമല്ല, ഈ സ്ഥലം മണ്ണിട്ടുയര്‍ത്തുകയും ഇങ്ങോട്ട് വഴി ഉണ്ടാവുകയും വേണം. ഇതിനിടെ തൊട്ടടുത്തുള്ള പാടത്തേക്കുള്ള കനാല്‍ സ്ലാബിട്ട് മൂടിയതുകൊണ്ട് പകുതിദൂരം വഴി ലഭിച്ചു. മണ്ണിട്ടുയര്‍ത്താന്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കൂടി 3.62 ലക്ഷം രൂപ അനുവദിച്ചെങ്കിലും മണ്ണടിക്കുവാന്‍ അനുവാദം ലഭിക്കാത്തത് പ്രശ്‌നമായി. പഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് എ.സി ജേക്കബ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് മണ്ണടിക്കാനുള്ള അപേക്ഷയുമായി പഞ്ചായത്ത് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രയോജനമുണ്ടായില്ല. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അംഗീകാരത്തിനായി കയറിയിറങ്ങുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."