ത്രിപുരയില്‍ ബി.ജെ.പി- സി.പി.എം നേര്‍ക്കുനേര്‍
സി.പി.എമ്മിന്റെ കുത്തകയായ ത്രിപുരയില്‍ വെല്ലുവിളി ഉയര്‍ത്താനാണ് ബി.ജെ.പി ശ്രമം. ഇന്ത്യയുടെ ചരിത്രത്തില്‍ സി.പി.എമ്മുമായി ഇതാദ്യമായാണ് ബി.ജെ.പി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയാണ് ത്രിപുരയെ ശ്രദ്ധേയമാക്കുന്നത്. 60 അംഗ നിയമസഭ സ്വന്തമാക്കാന്‍ പ്രമുഖ പ്രാദേശിക പാര്‍ട്ടിയെ കൂടെക്കൂട്ടി സഖ്യമുണ്ടാക്കി എതിരിടാനാണ് ബി.ജെ.പി ശ്രമമെങ്കിലും മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് തെല്ലും കുലുക്കമില്ല.
ഓരോ കാലത്തും ഇത്തരത്തില്‍ ശക്തമായ പ്രതിബന്ധങ്ങള്‍ ഉയരാറുണ്ടെങ്കിലും അവസാനം ഭരണം പിടിച്ച ചരിത്രമാണ് സി.പി.എമ്മിന്റേത്. കഴിഞ്ഞ 25 കൊല്ലമായി അതാവര്‍ത്തിക്കുന്നു. ഇവിടെനിന്നുള്ള രണ്ട് ലോക്‌സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും ഇപ്പോള്‍ സി.പി.എമ്മിനാണ്. ത്രിപുരയില്‍ ജയിച്ച് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 20 ആക്കുകയാണ് ലക്ഷ്യമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.
ത്രിപുരയില്‍ ഏതെങ്കിലും ദേശീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക എന്ന നിലപാടിലാണ് ഗോത്ര-ആദിവാസി രാഷ്ട്രീയപ്പാര്‍ട്ടികള്‍. അത് ബി.ജെ.പിയായാലും കോണ്‍ഗ്രസ് ആയാലും നിയമസഭയിലെത്തുക എന്നതാണ് ഈ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്.
ത്രിപുരയുടെ ചരിത്രം
1978 മുതല്‍ ഇടതുമുന്നണി സര്‍ക്കാരാണ് ഇവിടെ അധികാരത്തിലുള്ളത്. ഇടതുമുന്നണിയില്‍ സി.പി.എമ്മിനെ കൂടാതെ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയും മുന്നണിയിലുണ്ട്. 1988ലാണ് ആദ്യമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടരാക്കിയത് കോണ്‍ഗ്രസാണ്.
2013ലെ തെരഞ്ഞെടുപ്പില്‍ 60ല്‍ 49 സീറ്റുകളും തൂത്തുവാരിയാണ് മണിക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാലാംതവണ സി.പി.എം ഭരണം നിലനിര്‍ത്തിയത്. സി.പി.ഐ ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ബാക്കി പത്തു സീറ്റുകള്‍. ഇതില്‍ മൂന്നൊഴികെ എല്ലാവരും ഇന്ന് ബി.ജെ.പിയിലാണ്.
ത്രിപുര വിഭജിച്ച് ആദിവാസി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര പത്തു ദിവസം ഏക ദേശീയ പാതയും റെയില്‍വേ പാതയും ഉപരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം ഈ വാദം തള്ളിയിരുന്നു.
കോണ്‍ഗ്രസ്
കഴിഞ്ഞവര്‍ഷം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കാനായ നേട്ടം കോണ്‍ഗ്രസ് മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രമുഖ പാര്‍ട്ടിയാണെങ്കിലും ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി ഇനിയും അവര്‍ കാര്യമാക്കിയിട്ടില്ലെന്നുവേണം കരുതാന്‍. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതിനോടൊപ്പം ഹിന്ദുത്വ കാര്‍ഡ് കളിക്കുന്ന ബി.ജെ.പിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തന്നെയാണ് ത്രിപുരയിലും കോണ്‍ഗ്രസ് നീക്കം. മൃദു ഹിന്ദുത്വ കാര്‍ഡ് ന്യൂനപക്ഷങ്ങളിലെ ചില വിഭാഗങ്ങളെയെങ്കിലും അസ്വസ്ഥമാക്കുന്നതാണെങ്കിലും ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന സ്ഥിതിയിലാണ് അവരിപ്പോള്‍. കഴിഞ്ഞ തവണ പത്തു സീറ്റില്‍ ജയിച്ചെങ്കിലും അതിലേഴും കൈവിട്ടുപോയ ആഘാതത്തിലായതിനാല്‍ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്റേത്. പാര്‍ട്ടിവിട്ട എം.എല്‍.എമാരില്‍ ആറുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലുമെത്തിയപ്പോള്‍ ഒരു എം.എല്‍.എ സി.പി.എമ്മിലും കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പിയിലുമെത്തി. ഇതാണ് ബി.ജെ.പിയെ ത്രിപുരയിലെ മുഖ്യപ്രതിപക്ഷമാക്കിയത്.
ബി.ജെ.പി
എട്ടില്‍ എട്ടെന്ന മുദ്രാവാക്യവുമായാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ത്രിപുരയില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ബി.ജെ.പി ആവിഷ്‌കരിച്ചത്. വടക്കുകിഴക്കുള്ള എട്ടു സംസ്ഥാനങ്ങളിലും ഭരണത്തില്‍ വരികയെന്നതാണത്. മുന്‍ കോണ്‍ഗ്രസ് നേതാവും ബി.ജെ.പി രൂപീകരിച്ച വടക്കുകിഴക്കന്‍ ജനാധിപത്യ മുന്നണി (എന്‍.ഇ.ഡി.എ) ചെയര്‍മാനുമായ ഹേമന്ത ബിശ്വശര്‍മയാണ് ബി.ജെ.പിക്ക് താങ്ങ്. അസം, മണിപ്പൂര്‍, സിക്കിം, അരുണാചല്‍പ്രദേശ്, നാഗാലന്‍ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങള്‍ ഇപ്പോള്‍ത്തന്നെ ബി.ജെ.പിയാണ് ഭരിക്കുന്നത്. ത്രിപുരയിലെ മുഖ്യപ്രതിപക്ഷപാര്‍ട്ടിയാണിപ്പോള്‍ ബി.ജെ.പി. പ്രമുഖ ആദിവാസി-ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയെ കൂടെക്കൂട്ടാനായതാണ് ബി.ജെ.പിയുടെ വിജയം. സംസ്ഥാനം വിഭജിക്കണമെന്നാവശ്യപ്പെട്ട ഗോത്രപ്പാര്‍ട്ടിയെ കൂടെക്കൂട്ടിയതിന് ബി.ജെ.പി ഏറെ പഴികേള്‍ക്കുന്നുമുണ്ട്. മുമ്പത്തെപ്പോലെ കേന്ദ്രത്തിന്റെ വികസനമെന്ന സങ്കല്‍പത്തില്‍ ഇത്തവണ വോട്ടുനേടുക അസാധ്യമാണെന്നിരിക്കേ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കനുസൃതമായ നിലപാടുകള്‍ മാത്രമേ പാര്‍ട്ടിക്ക് വിജയപ്രതീക്ഷ നല്‍കുന്നുള്ളൂ.
സി.പി.എം
കേരളം കഴിഞ്ഞാല്‍ ത്രിപുരയില്‍ മാത്രമാണ് സി.പി.എം ഭരണം അവശേഷിക്കുന്നത്. കേരളത്തില്‍ ഭരണം മാറിവരുന്നതിനാല്‍ അടുത്ത ഇലക്ഷനില്‍ പ്രതീക്ഷയില്ലെങ്കിലും തുടര്‍ച്ചയായി ഭരണത്തിലുള്ള ത്രിപുര കൈവിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസുമായി തന്ത്രപരമായ നിലപാടുകള്‍ സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനവുമിതാണ്. ബി.ജെ.പിയുടെ വാട്ടര്‍ലൂ ആയിരിക്കും ത്രിപുരയെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. 10,323 സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ വന്‍ അഴിമതി നടന്നു എന്ന ആക്ഷേപമാണ് സി.പി.എം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ അധ്യാപകരെ ഹൈക്കോടതി പിരിച്ചുവിടുകയും സുപ്രിംകോടതി അത് ശരിവയ്ക്കുകയും ചെയ്ത സംഭവം പാര്‍ട്ടിക്ക് ഉണ്ടാക്കിയ ക്ഷീണം അതികഠിനമാണ്. എന്നാല്‍, 45 വര്‍ഷക്കാലത്തോളം തീവ്രവാദത്തിന് കുപ്രസിദ്ധമായിരുന്ന സംസ്ഥാനത്തെ അതില്ഡനിന്ന് മുക്തമാക്കാനായതില്‍ സി.പി.എമ്മിന് അഭിമാനിക്കാന്‍ വകയുണ്ട്.
കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തി അധികാരത്തില്‍ തുടരാമെന്നും പല സംസ്ഥാനത്തും ബി.ജെ.പിയെ എതിര്‍ക്കാന്‍ അതുവഴി സാധിക്കുമെന്നുമുള്ള യെച്ചൂരിയുടെ പ്രമേയം സി.പി.എം തള്ളിയിരുന്നല്ലോ. ത്രിപുര തെരഞ്ഞെടുപ്പും മറ്റും മുന്നില്‍ക്കണ്ടായിരുന്നു യെച്ചൂരിയുടെ നീക്കമെന്ന് അനുമാനിക്കണം.
കാരണം ബി.ജെ.പിയുടെ വെല്ലുവിളി നേരിടാന്‍ മഹാസഖ്യങ്ങള്‍ക്കേ സാധ്യമാകൂ എന്ന് ബിഹാര്‍ തെളിയിച്ചിരുന്നു. ബി.ജെ.പി ഭരണത്തിലുള്ള അസമില്‍ നിന്ന് പണവും വിഭവശേഷിയും സമാഹരിച്ച് സി.പി.എമ്മിനെ തകര്‍ക്കാനാണ് ശ്രമമെന്ന ആരോപണവും ആദിവാസി സമൂഹത്തെ മറ്റുള്ളവരില്‍ നിന്നു ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായ ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ഐ.പി.എഫ്.ടി
ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഒാഫ് ത്രിപുര ഒരു ആദിവാസി-ഗോത്രവര്‍ഗ പാര്‍ട്ടിയാണ്. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗണ്‍സിലിനു കീഴിലുളള ആദിവാസി മേഖലകള്‍ പ്രത്യേകം തിരിച്ച് ആദിവാസി സംസ്ഥാനം രൂപീകരിക്കുക എന്ന ആശയമാണ് ഐ.പി.എഫ്.ടിക്കുള്ളത്. ഇത് ഫലത്തില്‍ ത്രിപുരയെ പിളര്‍ത്താനിടയുണ്ട്.
സംസ്ഥാനത്ത് മൂന്നിലൊന്നു വരുന്ന ജനവിഭാഗത്തിന് മൂന്നില്‍ രണ്ടു ഭൂപ്രദേശം അനുവദിക്കുകയെന്നാണ് ചുരുക്കത്തില്‍ ഇവരുടെ ആവശ്യം. വിഭജന മുദ്രാവാക്യമുയര്‍ത്തുന്ന ഈ പാര്‍ട്ടിയുമായി ബി.ജെ.പി ചേരുന്നത് നാശത്തിനാണെന്ന് സി.പി.എം ആരോപിക്കുന്നു. അതേസമയം ഈ മാസമാദ്യം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തങ്ങള്‍ നിലപാട് മയപ്പെടുത്തിയതായും കാര്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് ബി.ജെ.പി ഉറപ്പു നല്‍കിയതായും ഐ.പി.എഫ്.ടി പ്രസിഡന്റ് ദേബ്ബര്‍മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."