ജലക്ഷാമം: കോടല്ലൂര്‍ വയലില്‍ കൃഷിക്കാര്‍ക്ക് കഷ്ടപ്പാട്
തളിപ്പറമ്പ്: കോടല്ലൂര്‍ വയലില്‍ ജലക്ഷാമം കാരണം കര്‍ഷകര്‍ ഭീതിയില്‍. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കോടല്ലൂര്‍ വയലില്‍ പച്ചക്കറി കൃഷിയിറക്കിയ 30ലേറെ കര്‍ഷകരാണ് വെള്ളമില്ലാതെ കൃഷിനാശ ഭീതിയിലായത്. ഇവിടെയുള്ള പൊതുകിണറിനെ ആശ്രയിച്ചാണ് ജലസേചനം നടത്തിയിരുന്നത്. കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ വിളവെടുപ്പ് കാലമെത്തുന്നതിനു മുന്‍പേ കരിഞ്ഞുണങ്ങി പോകുമെന്ന അവസ്ഥയിലായതോടെയണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയലില്‍ തന്നെയുളള പൊതുകിണര്‍ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്. അധികൃതര്‍ തീര്‍ത്തും അവഗണിച്ച ഈ കിണര്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. 65 ഏക്കര്‍ വയലില്‍ 1.5 ഏക്കറിലാണ് കൃഷി. നാട്ടിലെങ്ങും ചെറുകിട ജലസേചന പദ്ധതികളുമായി അധികാരികള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കോടല്ലൂരിന് തീര്‍ത്തും അവഗണനയാണെന്ന് നാട്ടുകാര്‍ പറയുന്നു. കിണര്‍ ശുചീകരിച്ചെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാനുള്ള സാധ്യത കുറവാണ്. അധികൃതര്‍ കനിഞ്ഞ് ജലസേചനത്തിന് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയാല്‍ മാത്രമേ കോടല്ലൂരിലെ കൃഷി രക്ഷപ്പെടുകയുള്ളൂ. ശുചീകരണത്തിന് വി രാജന്, പി വിനോദ്, പോള നാരായണന്, കെ പ്രഭാകരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."