കുരങ്ങുകളുടെ മരണം: കണ്ണീരുണങ്ങാതെ മാണിക്കം
തൃക്കരിപ്പൂര്‍: ഇടയിലെക്കാട് നാഗവനത്തിലെ വാനര സംഘത്തിന്റെ പ്രിയപ്പെട്ട സംരക്ഷക ചാലില്‍ മാണിക്കത്തിനു കണ്ണീരു തോരുന്നില്ല. കാവിലെ കുരങ്ങുകളില്‍ ഭൂരിഭാഗവും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞതു മുതല്‍ മാണിക്കം നോവനുഭവിക്കുകയാണ്. രണ്ടുപതിറ്റാണ്ടു കാലമായി ഒരു മുടക്കവും കൂടാതെ വാനരകൂട്ടത്തിനു നിത്യവും ഉപ്പില്ലാത്ത ചോറൂട്ടുന്നതു എഴുപതുകാരിയായ മാണിക്കമാണ്.
രണ്ടുമൂന്നു മാസമായി കുരങ്ങുകള്‍ ചത്തുവീഴുന്നതില്‍ അസ്വാഭാവികത തോന്നിയെങ്കിലും മരണത്തിന്റെ ആഴം ഇത്രത്തോളമെത്തുമെന്നു കുരങ്ങുകളുടെ പോറ്റമ്മയായ മാണിക്കം കരുതിയില്ല. നാല്‍പതോളം ഉണ്ടായിരുന്ന വാനരസംഘം ഇപ്പോള്‍ പതിനഞ്ചായി ചുരുങ്ങിയിരിക്കുകയാണ്.
വിഷം കലര്‍ത്തിയ ഈത്തപ്പഴം കഴിച്ചായിരുന്നു ഇവയുടെയൊക്കെ മരണമെന്ന് ഓര്‍ക്കുമ്പോള്‍ ഈ അമ്മയ്ക്കു നടുക്കം മാറുന്നില്ല. ഏറ്റവുമൊടുവില്‍ ഗര്‍ഭിണിയായ ഒരു കുരങ്ങാണ് ചത്തത്. വായില്‍ നിന്ന് ചോര വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. ഉപ്പു ചേര്‍ക്കാത്ത ചോറുമായി മാണിക്കം വന്നപ്പോള്‍ കുരങ്ങുകളൊക്കെ ഒരു വറ്റുപോലും കഴിക്കാതെ മാറിനിന്ന സങ്കടം മറക്കാന്‍ കഴിയുന്നില്ലെന്നു മാണിക്കം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."