പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സിനെതിരെ വീണ്ടും കോടതി
തിരുവവന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തിനാണ് കേസെടുക്കാന്‍ വൈകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. വിജിലന്‍സ് കോടതി പ്രത്യേക കോടതി ജഡ്ജാണ് ചോദ്യം ഉന്നയിച്ചത്. ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങളുടെ കൈവശം ഇല്ലെന്നായിരുന്നു നേരത്തെ ഇതില്‍ വിജിലന്‍സിന്റെ വാദം. എന്നാല്‍ രേഖകള്‍ ഹരജിക്കാരനായ വി.എസ് അച്യുതാനന്ദന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞദിവസം വിജിലന്‍സ് വകുപ്പിനെ രൂക്ഷമായി വി.എസ് വിമര്‍ശിച്ചിരുന്നു. ഉന്നതസ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ കൈയില്‍ ഇല്ലെന്നുപറഞ്ഞ രേഖകള്‍ വി.എസ് കോടതിയില്‍ ഹാജരാക്കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഏറെ പ്രമാദമായ പാറ്റൂരിലെ ഭൂമി തട്ടിപ്പിനെക്കുറിച്ച് ലോകായുക്തക്ക് വിജിലന്‍സ് എ.ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടേയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണിന്റെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും തെളിവുകളുമാണ് വിജിലന്‍സ് എ.ഡി.ജി.പി ലോകായുക്തക്ക് നല്‍കിയത്. പിന്നീട് പാറ്റൂര്‍, ബാര്‍കോഴ വിഷയങ്ങളില്‍ തട്ടി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."