മരണാനന്തര വാര്‍ത്തകള്‍ ഭയാനകമാകുമ്പോള്‍
ഇ. അഹമ്മദിന്റെ മരണവാര്‍ത്തയല്ല, മരണാനന്തരവാര്‍ത്തയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് . അദ്ദേഹത്തെ ഒന്നുരണ്ടു തവണ ഞാന്‍ കണ്ടിട്ടുണ്ട്. എം.എം ലോറന്‍സിന്റെ മകളാണെന്നു പറഞ്ഞപ്പോള്‍ അതിയായ വാല്‍സല്യത്തോടെയായിരുന്നു സംസാരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടവരുടെ ഞെട്ടലും ആകുലതയും വാര്‍ത്താമാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.
അദ്ദേഹത്തിന്റെ മരണമുണ്ടാക്കിയ ഞെട്ടലിനേക്കാള്‍ ആഘാതമുള്ളതായിരുന്നു മരണാനന്തരം സംഭവിച്ച നിഗൂഢസംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്ത. പിന്നീട് അദ്ദേഹത്തിന്റെ മകള്‍ ഡോക്ടര്‍ ഫൗസിയ മാധ്യമങ്ങള്‍ക്കു മുന്നില്‍ നല്‍കിയ പ്രതികരണത്തില്‍നിന്ന് ഡല്‍ഹിയില്‍ അന്നു സംഭവിച്ച കാര്യങ്ങളുടെ ഭീകരത കൂടുതല്‍ ബോധ്യമായി.
ഇ. അഹമ്മദിന്റെ മക്കള്‍ക്ക് ഉപ്പയെ നഷ്ടപ്പെട്ടതിനേക്കാള്‍ വേദന റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ അദ്ദേഹത്തോട് ചെയ്ത ക്രൂരതകള്‍ ഓര്‍ക്കുമ്പോഴായിരിക്കും. അദ്ദേഹത്തെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്ന കാര്യമാണിത്. ഒരു മനുഷ്യന്റെ ഭൗതികശരീരത്തോട് ഇങ്ങനെ അപമര്യാദ കാണിക്കാമോ.
ഡോക്ടര്‍ ഫൗസിയ പറഞ്ഞപോലെ അനീതിക്കെതിരായ അവരുടെ ഉപ്പയുടെ, നമ്മുടെ പ്രിയപ്പെട്ട ഇ. അഹമ്മദിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ മരണശേഷം നിലച്ചുകൂടാ. ആരോഗ്യരംഗത്തെ ധര്‍മവും നീതിയും ലംഘിക്കപ്പെടാന്‍ ഇടയാവരുത്. സമൂഹത്തില്‍ ഉന്നതനായ നേതാവിന്റെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എന്തൊക്കെ ക്രൂരതകള്‍ നേരിടേണ്ടിവരും. ഇ. അഹമ്മദിന്റെ ദുരനുഭവത്തിനെതിരേ ശക്തമായി മുന്നോട്ടു നീങ്ങണം. മറ്റൊരാളും ഇത്തരമൊരു ക്രൂരതയ്ക്ക് ഇനി ഇരയാവരുത്.
സാധാരണക്കാര്‍ ആശുപത്രികളില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ നമ്മുടെ രാജ്യത്ത് പറഞ്ഞാല്‍തീരില്ല. ഓരോ രോഗിയും അനുഭവിക്കുന്ന ദുരിതങ്ങളും അവഗണനകളും ചൂഷണങ്ങളും അത്രയേറെയുണ്ട്. രോഗത്തിനു മതിയായ ചികിത്സ ലഭിക്കുന്നുണ്ടോ ചികിത്സക്കിടയില്‍ രോഗി മരിക്കുന്നത് സ്വാഭാവികമായാണോ അതല്ല ചികിത്സയിലെ പിഴവുകൊണ്ടാണോ എന്നൊന്നും പുറംലോകമറിയാറില്ല. ആശുപത്രിയില്‍ വച്ചു രോഗി മരിക്കുന്നത് എപ്പോഴാണെന്നു പോലും അറിയാത്ത അവസ്ഥ.
തീര്‍ത്തും നിഗൂഢമായ കേന്ദ്രങ്ങളായി ആശുപത്രികള്‍ മാറിക്കഴിഞ്ഞിട്ടു വര്‍ഷങ്ങളായി. ഇതിനിടയില്‍ ഉന്നതങ്ങളില്‍നിന്നും സ്വാധീനകേന്ദ്രങ്ങളില്‍നിന്നുമുള്ള ഇടപെടലുകള്‍ ചികിത്സയെ തകിടം മറിക്കാനും മരണസമയംപോലും ദുരൂഹമാക്കാനും വഴിയൊരുക്കുമെന്ന് ഇ. അഹമ്മദിന്റെ മരണം തെളിയിച്ചിരിക്കുകയാണ്.
സാധാരണക്കാരനായതുകൊണ്ടല്ല അഹമ്മദ് സാഹിബിന് ഈ ക്രൂരത നേരിടേണ്ടി വന്നത്. എല്ലാ പരിഗണനകളുമുള്ള വി.ഐ.പി ആയിട്ടുപോലും ഇതാണവസ്ഥ. ആശുപത്രികളില്‍ നടക്കുന്ന ഇത്തരം ക്രൂരമായ മനുഷ്യാവകാശധ്വംസനത്തിന് അറുതിവരുത്തിയേ തീരൂ.
ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ, എയിംസ് തുടങ്ങിയ ആശുപത്രികളില്‍ ഞാന്‍ മകനുമായി പോയിട്ടുണ്ട്. ആദ്യമായി എയിംസ് എന്ന പേരു ഞാന്‍ കേള്‍ക്കുന്നത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴാണ്. അന്ന് ഞാന്‍ കരുതിയതു പ്രധാനമന്ത്രിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കും മാത്രം പ്രവേശനമുള്ള വലിയ ആശുപത്രിയായിരിക്കുമെന്നാണ്. അവിടെ പോയി കണ്ടപ്പോഴാണു മനുഷ്യര്‍ പുഴുക്കളേക്കാള്‍ നിസ്സഹായരാണെന്നു തിരിച്ചറിഞ്ഞത്.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അവഗണനയും ക്രൂരമായ പെരുമാറ്റവും കാരണം ദൈവമേ എന്നു കരഞ്ഞു വിളിച്ച ദിവസങ്ങളായിരുന്നു അത്. കേരളത്തില്‍ എയിംസിന്് വേണ്ടി മുറവിളി കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും എന്തിന് വേണ്ടിയാണിതെന്ന്. അവര്‍ക്കെല്ലാം രോഗികള്‍ പഠന വസ്തുക്കള്‍ മാത്രമാണ്.
അഹമ്മദ് സാഹിബിന്റെ ദുരനുഭവത്തിനു പിന്നിലെ നിഗൂഢതകളെക്കുറിച്ചൊന്നും കൂടുതലായി എനിക്കറിയില്ല. വൈദ്യലോകത്ത് ധര്‍മവും നീതിയും ലംഘിക്കപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഡോക്ടറെങ്കിലും പ്രതികരിക്കാതിരുന്നത് അനീതിക്കെതിരേ സംസാരിച്ചാല്‍ ഒറ്റപ്പെടുമെന്ന ഭയം കൊണ്ടായിരിക്കാം.
ആശുപത്രി അധികൃതരുടെ ഇത്തരം ക്രൂരതകള്‍ക്കെതിരേ എന്നെപ്പോലുള്ള സാധാരണക്കാര്‍ പ്രതികരിച്ചിട്ടു കാര്യമില്ല. എല്ലാ രാഷ്ട്രീയക്കാരും സത്യസന്ധരായ ഡോക്ടര്‍മാരും ഇതിനെതിരേ പ്രതികരിക്കണം. എങ്കില്‍ മാത്രമേ ഇതിനൊരു മാറ്റം വരുത്താന്‍ സാധിക്കൂ. 'ഇന്നു ഞാന്‍ നാളെ നീ' എന്ന അവസ്ഥ വിദൂരത്തൊന്നുമല്ല.
ദൈവദൂതന്മാരെപ്പോലെയുള്ള ഡോക്ടര്‍മാര്‍ ധാരാളമുണ്ട്. അതുകൊണ്ട് ഡോക്ടര്‍മാരെയും അടച്ചാക്ഷേപിക്കുന്നില്ല. അസുഖം വന്നാല്‍ ഡോക്ടര്‍മാരും ആശുപത്രികളും മാത്രമാണ് ആശ്രയം. എന്നാലും മിക്കവര്‍ക്കും ആശുപത്രിയെന്നു കേള്‍ക്കുമ്പോള്‍ പേടിയാണ്. അനാവശ്യമായി അഡ്മിറ്റ് ചെയ്യിക്കും, അനാവശ്യ പരിശോധനകള്‍ നടത്തും എന്നൊക്കെ കരുതി അസുഖം മറന്നു ജീവിക്കുന്ന ഒരുപാടുപേര്‍ നമുക്കിടയിലുണ്ട്.
പലര്‍ക്കും ഡോക്ടര്‍മാരിലെ വിശ്വാസ്യത നഷ്ടപ്പെട്ടു. ധര്‍മബോധം പഠിച്ചതുകൊണ്ടു മാത്രമായില്ല, ധര്‍മബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള മനസ്സും വേണം. അതിനു മനുഷ്യത്വവും സത്യസന്ധതയും എല്ലാത്തിനുമുപരി ദൈവഭയവും വേണമെന്ന് ഒരു ഡോക്ടര്‍ ഈയടുത്ത് അഭിപ്രായപ്പെടുകയുണ്ടായി. ആതുര സേവനം വ്യവസായമായ ഇക്കാലത്ത് ഇതൊക്കെ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."