'പത്മാവതി'നുള്ള വിലക്ക് സുപ്രിം കോടതി നീക്കി
ന്യൂഡല്‍ഹി: ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്ന ബോളിവുഡ് ചിത്രം പത്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സിനിമക്കേര്‍പ്പെടുത്തിയ വിലക്കാണ് സുപ്രിം കോടതി നീക്കിയത്. നിര്‍മാതാക്കളായ വൈകോം 18 മോഷന്‍ പിക്‌ച്ചേഴ്‌സ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് വിലക്ക് നീക്കിയത്. ചിത്രത്തിനു നേരത്തെയുണ്ടായിരുന്ന പത്മാവതി എന്ന പേരു മാറ്റി പത്മാവദ് എന്നാക്കുകയും വിവാദ രംഗങ്ങള്‍ നീക്കംചെയ്യുകയും ചെയ്ത ശേഷവും വിലക്ക് തുടരുന്നത് ചോദ്യംചെയ്താണ് നിര്‍മാതാക്കള്‍ സുപ്രിം കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ ക്രമസമാധാനനില തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം തള്ളി. കോടതിവിധി അനുകൂലമായതോടെ ചിത്രം ഈ മാസം 25നു തിയറ്ററുകളിലെത്തും. കേസില്‍ മാര്‍ച്ച് 26നു കൂടുതല്‍ വാദംകേള്‍ക്കും.
ഇതിഹാസ കഥാപാത്രമായ രാജപുത്ര രാജ്ഞിയായിരുന്ന പത്മിനിയുടെ ജീവിത കഥ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് പത്മാവത്. റാണി പത്മിനിയോട് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയായിരുന്നു. ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റംവരുത്തിയത്. നവംബറില്‍ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് വിവാദത്തെത്തുടര്‍ന്നാണ് നീണ്ടുപോയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളും അഗ്നിക്കിരയാക്കുമെന്ന് രജപുത് സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."