ഒടുവില്‍ ബാഴ്സലോണയും പരാജയം അറിഞ്ഞു
മാഡ്രിഡ്: ബാഴ്സലോണയും കീഴടങ്ങി. 2017 ഓഗസ്റ്റിന് ശേഷം ആദ്യമായി സ്പാനിഷ് കരുത്തരായ ബാഴ്സലോണ തോല്‍വി അറിഞ്ഞു. സ്പാനിഷ് കിങ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ എസ്പാന്യോള് സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്.
ഈ സീസണില്‍ വിവിധ പോരാട്ടങ്ങളിലായി തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന കറ്റാലന്‍ കരുത്തരെ ഓസ്ക്കാര്‍ മെലെന്ഡോ നേടിയ ഗോളിലാണ് എസ്പാന്യോള് വീഴ്ത്തിയത്. കളിയുടെ 88ാം മിനുട്ടിലായിരുന്നു ബാഴ്സയുടെ തോല്‍വി നിര്‍ണയിച്ച ഗോളിന്റെ പിറവി. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കുന്നതില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരാജയപ്പെട്ടത് മത്സരത്തില്‍ നിര്‍ണായകമായി.
രണ്ടാം പാദ പോരാട്ടത്തില്‍ വിജയിച്ച് സെമിയിലേക്ക് മുന്നേറുകയാണ് നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണയുടെ ലക്ഷ്യം.
മറ്റ് മത്സരങ്ങളില്‍ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ സെവിയ്യയോട് തോല്‍വി വഴങ്ങി. എവേ പോരാട്ടത്തില്‍ സെവിയ്യ 2-1നാണ് അത്ലറ്റിക്കോയെ കീഴടക്കിയത്. ഇതോടെ രണ്ടാം പാദ പോരാട്ടം അത്ലറ്റിക്കോയ്ക്ക് നിര്‍ണായകമായി.
സെവിയ്യ സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ നിലവിലെ എവേ ഗോളിന്റെ ആനുകൂല്യം മുതലാക്കാനുള്ള ശ്രമം നടത്തുമെന്നതിനാല്‍ മത്സരം അത്ലറ്റിക്കോയ്ക്ക് അതിനിര്‍ണായകം. വലന്‍സിയ 2-1ന് ഡിപോര്‍ടീവോ അലാവസിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."