വിരാട് കോഹ്‌ലി 2017ലെ മികച്ച താരം
ദുബൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും തോറ്റ് പരമ്പര അടിയറവ് വച്ചതിന്റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഈ നിരാശയ്ക്കിടയിലും ഒരു ആശ്വാസം. ഐ.സി.സിയുടെ 2016-17 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയാണ് കോഹ്‌ലി തിളങ്ങിയത്. ഐ.സി.സിയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം, മികച്ച ഏകദിന താരം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍ തുടങ്ങിയ നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കി. 2016 സെപ്റ്റംബര്‍ 21 മുതല്‍ 2017 ഡിസംബര്‍ അവസാനം വരെയുള്ള പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഈ കാലയളവില്‍ കോഹ്‌ലി ടെസ്റ്റില്‍ 2,203 റണ്‍സാണ് അടിച്ചെടുത്തത്. 77.80 ശരാശരിയില്‍ എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് കോഹ്‌ലിയുടെ മികച്ച പ്രകടനം. ഏകദിനത്തില്‍ 1,818 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. 82.63 ശരാശരിയില്‍ ഏഴ് സെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. നിലവില്‍ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോഹ്‌ലി ഒന്നാം റാങ്കിലാണ്. 889 റേറ്റിങ് പോയിന്റുകളുമായി ഒന്നാമത് നില്‍ക്കുന്ന കോഹ്‌ലി ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളുമായാണ് സ്ഥാനം അലങ്കരിക്കുന്നത്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മറ്റൊരു ഇന്ത്യന്‍ താരം രോഹിത് ശര്‍മ, പാകിസ്താന്‍ പേസര്‍ ഹസന്‍ അലി, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും ഇടം പിടിച്ചിരുന്നു. ഇവരെ പിന്തള്ളിയാണ് കോഹ്‌ലിയുടെ നേട്ടം.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് മികച്ച ടെസ്റ്റ് താരം. എട്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമായി 16 മത്സരങ്ങളില്‍ നിന്ന് സ്മിത്ത് 1875 റണ്‍സാണ് അടിച്ചെടുത്തത്. ബംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ പ്രകടനമാണ് ടി20യിലെ മികച്ച പ്രകടനം. അസോസിയേഷന്‍ രാജ്യങ്ങളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ സ്വന്തമാക്കി. 2017 വര്‍ഷം അദ്ദേഹം 60 വിക്കറ്റുകളാണ് കൊയ്തിട്ടത്. 43 ഏകദിനങ്ങളില്‍ കളിച്ച താരം ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുന്ന ആദ്യ അസോസിയേറ്റ് താരമായും മാറി.
900 റേറ്റിങ് പോയിന്റുമായി കോഹ്‌ലി
ദുബൈ: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. പുതിയ പട്ടികയില്‍ കോഹ്‌ലിയുടെ റേറ്റിങ് പോയിന്റ് 900ത്തില്‍ എത്തി. ഇത്രയും പോയിന്റുമായി കോഹ്‌ലി രണ്ടാം റാങ്കില്‍. സുനില്‍ ഗവാസ്‌കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായും ഇതോടെ കോഹ്‌ലി മാറി.
1979ല്‍ കരിയറിലെ 50ാം ടെസ്റ്റിലാണ് ഗവാസ്‌കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഒന്നാം ഇന്നിങ്‌സില്‍ 13ഉം രണ്ടാം ഇന്നിങ്‌സില്‍ 221ഉം റണ്‍സെടുത്ത ഗവാസ്‌കര്‍ ഈ പ്രകനടങ്ങളുടെ പിന്‍ബലത്തില്‍ 887 റേറ്റിങ് പോയിന്റില്‍ നിന്ന് 916 റേറ്റിങ് പോയിന്റിലേക്ക് കുതിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ 21ാം സെഞ്ച്വറി കുറിച്ചതോടെയാണ് കോഹ്‌ലിയുടെ റേറ്റിങ് പോയിന്റ് 880ല്‍ നിന്ന് 900ത്തില്‍ എത്തിയത്. നേരത്തെ ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും 900 പോയിന്റിന്റെ സമീപമെത്തിയിരുന്നെങ്കിലും നേട്ടം സ്വന്തമായിരുന്നില്ല. സച്ചിന്‍ 2002ല്‍ 898 പോയിന്റും ദ്രാവിഡ് 2005ല്‍ 892 പോയിന്റും നേടിയിരുന്നു.
900 പോയിന്റുകള്‍ നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ 31ാം താരമായും വിരാട് കോഹ്‌ലി മാറി. 961 പോയിന്റ് വരെ സ്വന്തമാക്കിയ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് ഈ പട്ടികയിലെ ഒന്നാമന്‍. സ്റ്റീവന്‍ സ്മിത്ത് (947), ലെന്‍ ഹുട്ടന്‍ (945), റിക്കി പോണ്ടിങ്, ജാക്ക് ഹോബ്ബ്‌സ് (942) എന്നിവരും പിന്നാലെ നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."