ദാദാബ് അഭയാര്‍ഥി ക്യാംപ് അടക്കരുതെന്ന് കെനിയന്‍ കോടതി
നെയ്‌റോബി: ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപ് അടക്കാനുള്ള കെനിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനു തിരിച്ചടി. അഭയാര്‍ഥി ക്യാംപ് അടയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കെനിയന്‍ ഹൈക്കോടതി ഉത്തരവിട്ടു.
സോമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് കെനിയയില്‍ അഭയം തേടിയ രണ്ടു ലക്ഷത്തോളം പേരാണ് ദാദാബ് ക്യാംപ് എന്ന് അറിയപ്പെടുന്ന അഭയാര്‍ഥികേന്ദ്രത്തില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ക്യാംപ് അടക്കാന്‍ കെനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അഭയാര്‍ഥി ക്യാംപ് അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയതിലൂടെ കെനിയന്‍ ആഭ്യന്തര സുരക്ഷാകാര്യ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ജഡ്ജി ജോണ്‍ മാറ്റിവോ പറഞ്ഞു. ഇത്തരമൊരു നയത്തിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന ജനങ്ങളുമായി ആലോചിക്കാതെയാണു സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപനം നടത്തിയത്. ഇതു ന്യായമായ നിയമനടപടികള്‍ക്കായുള്ള കെനിയന്‍ ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ തീരുമാനം അസാധുവാണെന്നും മാറ്റിവോ വ്യക്തമാക്കി.
അടച്ചുപൂട്ടല്‍ ഉത്തരവ് വിവേചനപരമാണ്. അഭയാര്‍ഥികളെ തിരിച്ചയക്കാതെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണിത്. അഭയാര്‍ഥികള്‍ക്കു തിരിച്ചുപോകാവുന്ന തരത്തില്‍ സോമാലിയ സുരക്ഷിതമാണോ എന്ന് കെനിയന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയില്ല-വിധിപ്രസ്താവത്തില്‍ ജഡ്ജി പറഞ്ഞു.
അഭയാര്‍ഥി ക്യാംപുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ലോകരാഷ്ട്രങ്ങളുടെയും മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കെനിയ ആറു മാസത്തേക്കു നിര്‍ത്തിവച്ചിരുന്നു. തങ്ങള്‍ അഭയാര്‍ഥികളെ ആട്ടിപ്പായിക്കുകയല്ലെന്നും സോമാലിയന്‍ സര്‍ക്കാറുമായി ചര്‍ച്ച ചെയ്തു സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തിരിച്ചുവിടുന്നതെന്നുമാണ് കെനിയന്‍ സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."