ന്യൂനപക്ഷ വേട്ട: അക്രമം തടയുന്നതില്‍ മോദി ഭരണം പരാജയപ്പെട്ടെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്
ന്യൂയോര്‍ക്ക്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കമ്മിഷനു കീഴിലെ റൈറ്റ്‌സ് വാച്ചിന്റെ 'വേള്‍ഡ് റിപ്പോര്‍ട്ട് 2018'ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തീവ്ര ദേശീയതയും ഹിന്ദു ആധിപത്യവും പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യപ്രസ്താവന നടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
90 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി 643 പേജുകളിലായാണ് വേള്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2017ല്‍ മാത്രം 10 പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആക്രമികള്‍ക്കെതിരേ സത്വര നിയമനടപടി സ്വീകരിക്കേണ്ടതിനു പകരം, പശുക്കടത്തിന്റെ പേരില്‍ ഇരകള്‍ക്കെതിരേ കേസെടുക്കുകയാണ് പൊലിസ് ചെയ്യുന്നത്. 2017ല്‍ മാത്രം ഇത്തരം 38 ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."