തീപിടിക്കുന്നു; ഫയര്‍ ഫോഴ്‌സിന്റെ ഉള്ളിലും
സ്വന്തം ലേഖകന്‍
കോഴിക്കോട്: നഗരത്തിലും ഗ്രാമങ്ങളിലും തീപിടിക്കുമ്പോള്‍ ഉള്ളില്‍ തീയാളുന്നത് ഫയര്‍ഫോഴ്‌സിന്റെതാണ്. കടുത്ത വേനലില്‍ തീയോടു പൊരുതുമ്പോഴും ഇവര്‍ക്കു പറയാനുണ്ട് അസൗകര്യത്തിന്റെ കണക്കുകളും. എങ്കിലും മുന്‍പുള്ളതിനേക്കാള്‍ പ്രാധാന്യം അധികൃതര്‍ അഗ്നിശമനസേനയ്ക്കു നല്‍കുന്നുവെന്നതാണ് ആശ്വാസം. ആവശ്യത്തിന് വാഹനങ്ങളില്ലെന്നതാണ് ജില്ലയില്‍ ഫയര്‍ഫോഴ്‌സ് നേരിടുന്ന പ്രധാനവെല്ലുവിളി. ചില സ്‌റ്റേഷനുകളില്‍ കെട്ടിട സൗകര്യങ്ങളില്ലാത്തതും പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ജീവനക്കാരുടെ കുറവും ചിലയിടങ്ങളില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ജില്ലയില്‍ ജനുവരി മുതല്‍ ഇന്നലെ വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ചെറുതും വലുതുമായ 275 തീപിടുത്തമാണുണ്ടായത്. കോഴിക്കോട് നഗരത്തില്‍ തന്നെ വലിയ നാലു തീപിടുത്തമുണ്ടായി.
ചൂട് കൂടി വരികയാണ്. ഏപ്രില്‍ ആകുമ്പോഴേക്കും ഭൂമി ചുട്ടുപൊള്ളും. ഈ സമയത്താണ് തീപിടുത്തങ്ങള്‍ കൂടുക. എന്നാല്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പല ഫയര്‍സ്‌റ്റേഷനും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള സൗകര്യമില്ല. തീയണക്കാന്‍ പോയി തിരിച്ചുവരുമ്പോള്‍ പുഴകളില്‍ നിന്നും നിറയ്ക്കുന്ന വെള്ളമാണ് പലയിടത്തും ആശ്വാസം. പുഴ വറ്റിയാല്‍ ഇതും പ്രതിസന്ധിയിലാകും.
കോഴിക്കോട് ജില്ലയില്‍ മീഞ്ചന്ത, കോഴിക്കോട് ബീച്ച്, മുക്കം, പേരാമ്പ്ര, വടകര, വെള്ളിമാടുകുന്ന്, നരിക്കുനി, നാദാപുരം എന്നീ ഫയര്‍ സ്‌റ്റേഷനുകളാണുള്ളത്. കോഴിക്കോട് നഗരത്തിന്റെ മിക്കഭാഗവും ബീച്ച് ഫയര്‍സ്‌റ്റേഷന്റെ പരിധിയിലാണ്.
അതിനാല്‍ തന്നെ ഇവിടെയാണ് ഏറ്റവും കൂടുതല്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യുന്നതും. ഈ വര്‍ഷം ഇതുവരെ നാലു വലിയ തീപിടുത്തം ഉള്‍പ്പെടെ 55 തീപിടുത്തമാണ് അണയ്‌ക്കേണ്ടി വന്നത്. നാല് ഫയര്‍ എന്‍ജിന്‍ വണ്ടിയാണ് സ്‌റ്റേഷനിലുള്ളത്. 4500 ലിറ്റര്‍ വഹിക്കാവുന്ന രണ്ടു വണ്ടിയും 3500, 2500 ലിറ്റര്‍ വെള്ളം വഹിക്കാന്‍ കഴിയുന്ന ഓരോ വണ്ടികളും. ഒരു വണ്ടി പുതിയതും ബാക്കിയുള്ളത് പഴക്കമുള്ളതുമാണ്. സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കിണര്‍ നിര്‍മിച്ചതിനാല്‍ ആവശ്യത്തിന് വെള്ളമുണ്ട്. പിന്നെ മാനാഞ്ചിറയില്‍ നിന്നും വെള്ളമെടുക്കാം.
മീഞ്ചന്തയില്‍ ഏഴ് ജീവനക്കാരുടെ ഒഴിവുണ്ട്. തീപിടുത്തത്തിന് കുറവുമില്ല. ഈവര്‍ഷം ഇതുവരെ സ്‌റ്റേഷന്‍ പരിധിയില്‍ 61 തീപിടുത്തമുണ്ടായി. 9000 ലിറ്റര്‍ വെള്ളം വഹിക്കാന്‍ കഴിയുന്ന ഒരു വാട്ടര്‍ ലോറിയും സ്‌റ്റേഷനിലുണ്ട്. വെള്ളം മാനാഞ്ചിറയില്‍ വന്ന് നിറയ്ക്കണം.
വെള്ളിമാടുന്നുകുന്ന് സ്‌റ്റേഷനിലുള്ള വണ്ടിയില്‍ വെള്ളം നിറയ്ക്കണമെങ്കില്‍ മാനാഞ്ചിറയില്‍ എത്തണം. 9000 ലിറ്റര്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ഒരു വാട്ടര്‍ലോറിയും 3500 ലിറ്റര്‍ വെള്ളം കപ്പാസിറ്റിയുള്ള രണ്ട് ഫയര്‍എന്‍ജിനുമാണുള്ളത്. വേനല്‍ കനക്കുന്നതോടെ ജലക്ഷാമം നേരിടാന്‍ പുതിയ ജല സ്രോതസുകള്‍ തേടുകയാണ് അധികൃതരിപ്പോള്‍.
മുക്കം ഫയര്‍ഫോഴ്‌സിന്റെ പ്രധാനപ്രശ്‌നം കെട്ടിടമില്ലെന്നതാണ്. വര്‍ഷങ്ങളായി വാടകകെട്ടിടത്തിലാണ്. സ്വന്തം കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായി വരുന്നുണ്ട്. ചകിരി അധിഷ്ടിത സംരംഭങ്ങളുള്ളതിനാല്‍ താമരശേരി ഭാഗം സ്ഥിരം തീപിടുത്ത കേന്ദ്രമായിട്ടാണ് കണക്കാക്കുന്നത്.
പേരാമ്പ്ര ഫയര്‍ സ്‌റ്റേഷനില്‍ രണ്ടു വാഹനങ്ങളാണുള്ളത്. 4500 ലിറ്റര്‍ വെള്ളം കൊള്ളുന്നതാണ് ഈ വണ്ടികള്‍. ഒരു മാസം ശരാശരി 25 ഓളം തീപിടുത്തമാണ് സ്‌റ്റേഷന്‍ പരിധിയില്‍ നടക്കുന്നത്.
വടകര ഫയര്‍സ്‌റ്റേഷന്‍ നേരിടുന്ന പ്രധാന പ്രശ്‌നം ചെറിയ വണ്ടികള്‍ ഇല്ലാത്തതാണ്. പല ഉള്‍പ്രദേശങ്ങളിലും വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തിടത്ത് തീപിടുത്തമുണ്ടാകുമ്പോള്‍ തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ് ഏറെ കഷ്ടപ്പെടുന്നുണ്ട്. ക്യുക്ക് റസ്‌പോണ്‍സ് വെഹിക്കിള്‍ വേണമെന്നന്നാണ് ആവശ്യം. ജലക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സഹായവും വേണം. നാദാപുരം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഫയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം ശരാശരി രണ്ടു തീപിടുത്തം സറ്റേഷന്‍ പരിധിയില്‍ ഉണ്ടാകാറുണ്ട്. ഏഴ് പൊലിസ് സ്‌റ്റേഷന്‍ പരിധിയും എട്ടു പഞ്ചായത്തിനും രണ്ടു നിയോജക മണ്ഡലങ്ങള്‍ക്കുമായുള്ള ഏക ഫയര്‍ സ്‌റ്റേഷനാണിത്. പുതിയ കെട്ടിടം എന്ന ആവശ്യമാണ് ഇനിയും ബാക്കിയായിരിക്കുകയാണ്.
ബാറ്ററി വീക്കായി; വാട്ടര്‍ലോറി ഒരു മാസമായി ഷെഡില്‍
വെള്ളിമാടുകുന്ന് ഫയര്‍ സ്‌റ്റേഷനിലെ 9000 ലിറ്റര്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന വാട്ടര്‍ലോറി ഒരു മാസമായി ഷെഡിലാണ്. കാരണം ബാറ്ററി വീക്കായി.ഇക്കാര്യം വ്യക്തമാക്കികൊണ്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ ബാറ്ററി എത്തിക്കുകയോ ലോക്കല്‍ പര്‍ച്ചെയ്‌സിന് അനുമതി കൊടുക്കുകയോ ചെയ്തിട്ടില്ല. വേനല്‍ കടുക്കുന്നതിനു മുന്‍പ് വാട്ടര്‍ലോറി വീണ്ടും ഓടി തുടങ്ങാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സ്‌റ്റേഷന്‍ അധികൃതര്‍.
കുടിവെള്ളം അടുത്ത വീട്ടില്‍ നിന്ന്
മുക്കം ഫയര്‍സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക്് കുടിക്കാന്‍ വെള്ളം വേണമെങ്കില്‍ അടുത്ത വീട്ടില്‍ നിന്നും എടുക്കണം.
ദിവസവും രണ്ടു ബക്കറ്റ് വെള്ളം സ്‌റ്റേഷനില്‍ എത്തിക്കുക എന്നതാണ് ജീവനക്കാരുടെ ആദ്യ ജോലി. പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.
കിണറുകള്‍ക്ക് ആള്‍മറകെട്ടണമെന്ന് അന്ത്യശാസനം
നാദാപുരം ഫയര്‍ഫോഴ്‌സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ കിണറുകള്‍ക്കും ആള്‍മറ കെട്ടണമെന്ന അന്ത്യശാസനം നല്‍കാനൊരുങ്ങുകയാണ്. പ്രദേശത്ത് ആള്‍മറയില്ലാത്ത കിണറുകളുടെ എണ്ണം ഏറെയാണ്. ഫയര്‍സ്‌റ്റേഷനിലെത്തുന്ന ഫോണ്‍കോളുകളില്‍ അധികവും കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്.
ഇത് കൂടിയ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ കിണറുകള്‍ക്ക് ആള്‍മറ കെട്ടാന്‍ ആവശ്യപ്പെടണമെന്നും ഇത്തരം അപകടങ്ങള്‍ക്ക് ഉത്തരവാദി തദ്ദേശ സ്ഥാപനങ്ങളായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കികൊണ്ട് കത്ത് നല്‍കാനൊരുങ്ങുന്നത്.
വ്യാജ കോളുകള്‍ വില്ലന്‍
വ്യാജ തീപിടുത്ത അറിയിപ്പുമായി ഇപ്പോഴും ചില ഫോണ്‍ കോളുകള്‍ എത്താറുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പറയുന്നു.
കുട്ടികളാണ് സാധാരണ ഇത്തരം ഫോണ്‍ വിളിക്കാറ്. കോളര്‍ ഐ.ഡി സൗകര്യമുള്ളതുകൊണ്ട് പൊതുവെ ഇത്തരം വ്യാജകോളുകള്‍ കുറഞ്ഞിട്ടുണ്ട്. വ്യാജ വിവരം നല്‍കിയവര്‍ക്കെതിരേ നടപടിയുമെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."